ചിൽ കേരള ചിൽ!; ഉത്തരാഖണ്ഡിലെ തണുപ്പ് നേരിടാൻ കേരള ടീം പരിശീലനത്തിൽ

Mail This Article
കൊച്ചി ∙ കൊടും തണുപ്പും ഹിമാലയത്തിൽനിന്നു വരുന്ന മഞ്ഞും ശീതക്കാറ്റും; ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ കേരള താരങ്ങൾ ആദ്യം തോൽപിക്കേണ്ടതു കൊടും തണുപ്പിനെയാണ്! കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കായിക താരങ്ങൾക്ക് ഏറ്റവും വെല്ലുവിളിയാകുന്നത് ഉത്തരാഖണ്ഡിലെ തണുപ്പാണ്.
തണുപ്പിനെ പ്രതിരോധിക്കാനായി കേരളത്തിന്റെ വുഷു ടീം പരിശീലനം തന്നെ ഉത്തരാഖണ്ഡിലേക്കു മാറ്റിയിരുന്നു. ആറംഗ ട്രയാത്‌ലൻ ടീം മൂന്നാറിലെ തണുപ്പിൽ രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനം പൂർത്തിയാക്കി. ഫുട്ബോൾ ടീം വയനാട്ടിലെ കൽപറ്റയിലാണു പരിശീലനം.
ഗെയിംസിനു വേദിയാകുന്ന പല നഗരങ്ങളും ഹിമാലയത്തോടു ചേർന്നു കിടക്കുന്നതാണ്. പ്രധാന വേദിയായ ഡെറാഡൂണിൽ ഇന്നലെ കുറഞ്ഞ താപനില 10.5 ഡിഗ്രി സെൽഷ്യസ്. കൂടിയത് 20.6. ഗെയിംസ് ആരംഭിക്കാൻ ഇനി 8 ദിവസം മാത്രം ബാക്കി. തണുപ്പിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട.
ഡെറാഡൂണിനെക്കാൾ തണുപ്പാണു മറ്റു പല വേദികളിലും. ബോക്സിങ് നടക്കുന്ന പിത്തോറഗഡും യോഗ മത്സരവേദിയായ അൽമോരയും ഹിമാലയത്തോട് ഏറ്റവും ചേർന്നു കിടക്കുന്ന സ്ഥലങ്ങളാണ്. രാത്രിയിൽ 8 ഡിഗ്രി സെൽഷ്യസിലേക്ക് ഇവിടത്തെ താപനില താഴും.
നീന്തൽ മത്സരങ്ങൾ നടക്കുന്ന ഹൽദ്വാനി, കനോയിങ്– കയാക്കിങ്, തുഴച്ചിൽ മത്സരങ്ങൾ നടക്കുന്ന തെഹ്‌രി തുടങ്ങിയ ഇടങ്ങളിലും തണുപ്പും ശീതക്കാറ്റും വില്ലനാകും. ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന ഹൽദ്വാനിയിലെ ഗ്രൗണ്ടിൽ ശീതക്കാറ്റിനെയും മഞ്ഞിനെയും മറികടന്നു വേണം ഗോളടിക്കാൻ.
ഇത്തവണ ഗെയിംസിൽ ഡ്യുയാത്‌ലനും
നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവയുൾപ്പെട്ട സ്പ്രിന്റ് ട്രയാത്‌ലനു പുറമേ ഇത്തവണ ഗെയിംസിൽ സൈക്ലിങ്ങും ഓട്ടവുമുൾപ്പെട്ട ഡ്യുയാത്‌ലനുമുണ്ട്. ആദ്യമായാണു ഡ്യുയാത്‌ലൻ മത്സര ഇനമാകുന്നത്. 750 മീ നീന്തൽ, 20 കിമീ സൈക്ലിങ്, 5 കിമീ ഓട്ടം എന്നിവയാണു സ്പ്രിന്റ് ട്രയാത്‌ലനിലുള്ളത്.
2.5 കിമീ ഓട്ടം, 10 കിമീ സൈക്ലിങ്, വീണ്ടും 2.5 കിമീ ഓട്ടം എന്നിവ ഉൾപ്പെട്ടതാണു ഡ്യുയാത്‌ലൻ. മുഹമ്മദ് റോഷൻ, എസ്. ഹരിപ്രിയ എന്നിവരാണു കേരള ടീം ക്യാപ്റ്റൻമാർ. കോച്ച് പി.എസ്. പ്രസാദ്. ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര സ്പോർട്സ് കോംപ്ലക്സിൽ 25 മുതലാണു മത്സരങ്ങൾ. 23നു ടീം ഉത്തരാഖണ്ഡിലേക്കു പോകും.