പുതിയ അടിക്കു വഴിയൊരുക്കി ചെഫ് ദ് മിഷൻ പ്രഖ്യാപനം

Mail This Article
തിരുവനന്തപുരം∙ ദേശീയ ഗെയിംസിൽ കേരള ടീമിനെ നയിക്കുന്ന ‘ചെഫ് ദ് മിഷൻ’ വിഷയത്തിൽ കേരള ഒളിംപിക് അസോസിയേഷനും സ്പോർട്സ് കൗൺസിലും തമ്മിൽ തർക്കം. ഒളിംപിക് അസോസിയേഷൻ മുൻ നീന്തൽ താരം ഒളിംപ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ സംഘത്തലവനായി നേരത്തേ തീരുമാനിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ അറിയിച്ചിരുന്നു. മുൻ അത്‌ലീറ്റ് സുഭാഷ് ജോർജ്, റഗ്ബി അസോസിയേഷൻ സെക്രട്ടറി ബിജു വർമ എന്നിവരെ ഡെപ്യൂട്ടി ചെഫ് ദ് മിഷൻ ആയും തീരുമാനിച്ചു.
എന്നാൽ, സ്പോർട്സ് കൗൺസിൽ ചെഫ് ദ് മിഷനായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് കൗൺസിൽ ഭരണസമിതി അംഗം കൂടിയായ മുൻ രാജ്യാന്തര ബോക്സിങ് താരം കെ.സി.ലേഖയെ ആണ്. ഡെപ്യൂട്ടിമാരെ തീരുമാനിച്ചിട്ടുമില്ല. കഴിഞ്ഞ ദേശീയ ഗെയിംസിന്റെ കാലത്തും സമാനമായ തർക്കം ഉണ്ടായിരുന്നു. അന്ന് വോളിബോൾ താരം മൊയ്തീൻ നൈനയെ ഒളിംപിക് അസോസിയേഷൻ ചെഫ് ദ് മിഷൻ ആക്കിയപ്പോൾ അത് അംഗീകരിക്കാതെ കൗൺസിൽ അന്നും കെ.സി.ലേഖയെ ആണ് നിയോഗിച്ചത്. എന്നാൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അംഗീകരിച്ചത് മൊയ്തീൻ നൈനയെ ആയിരുന്നു. ഇത്തവണ കേരള ടീം ക്യാപ്റ്റൻ ആരെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിൽ ഇന്നു തീരുമാനമെടുക്കുമെന്ന് ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു. ക്യാപ്റ്റനെ വൈകാതെ തീരുമാനിക്കുമെന്ന് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലിയും പറയുന്നു.
കേരളത്തിൽ മാത്രമാണ് കായികരംഗത്തെ സർക്കാർ ഏജൻസിയും ഒളിംപിക് അസോസിയേഷനും രണ്ടു തട്ടിൽനിന്ന് ഇത്തരമൊരു തർക്കം.
കേരള ടീമിന് ഫ്ലൈറ്റ് ടിക്കറ്റ്
തിരുവനന്തപുരം∙ ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യ സംഘം 23ന് പുറപ്പെടും. 5 അംഗ ട്രയാത്തലൺ ടീമാണ് ആദ്യം പോകുന്നത്. തുടർന്ന് 25ന് ഖോഖൊ, റോവിങ് ടീം അംഗങ്ങളും പുറപ്പെടും. മത്സര ഷെഡ്യൂൾ അനുസരിച്ചാണ് വിവിധ ഘട്ടങ്ങളിലായി ടീം അംഗങ്ങളുടെ യാത്ര. മുഴുവൻ ടീം അംഗങ്ങളുടെയും യാത്ര കൊച്ചിയിൽ നിന്ന് വിമാന മാർഗമാണ്.
451 താരങ്ങളാണ് 29 ഇനങ്ങളിലായി കേരളത്തിനു വേണ്ടി മത്സരിക്കാനിറങ്ങുന്നത്. 123 ഒഫിഷ്യലുകളുമുണ്ട്.
വോളിബോൾ തർക്കം ഹൈക്കോടതിയിൽ
തിരുവനന്തപുരം∙ ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിന്റെ വോളിബോൾ ടീമിനെ സംബന്ധിച്ച തർക്കത്തിൽ സ്പോർട്സ് കൗൺസിൽ ഹൈക്കോടതിയിൽ ഹർജി നൽകി. തങ്ങൾ തിരഞ്ഞെടുത്ത ടീമിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പോർട്സ് കൗൺസിൽ നിയോഗിച്ച വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ഫയൽ ചെയ്ത ഹർജി ഇന്നു പരിഗണിച്ചേക്കും.