രണ്ടു വർഷത്തോളം അടുപ്പം, ഷിംലയിൽ നീരജിന്റെ ‘ഇന്റിമേറ്റ് വെഡ്ഡിങ്’; ‘ഷാഗൻ’ ആയി വാങ്ങിയത് ഒരു രൂപ

Mail This Article
പ്രണയവും വിവാഹവും ആരുമറിയാതെ സൂക്ഷിക്കുന്നതിൽ സ്വർണ മെഡലുണ്ടെങ്കിൽ അത് നീരജ് ചോപ്രയ്ക്കു തന്നെ– ഹരിയാനക്കാരി ഹിമാനി മോറുമായി ജാവലിൻ ത്രോ താരം നീരജ് ചോപ്രയുടെ വിവാഹവാർത്ത പുറത്തുവന്നയുടൻ സമൂഹ മാധ്യമങ്ങളിൽ വന്ന ഒരു കമന്റാണിത്. ചെറിയ സെലിബ്രിറ്റികളുടെ വിവാഹം വരെ വലിയ വാർത്തയാകുന്ന കാലത്ത് അടുത്ത കൂട്ടുകാർ പോലും അറിയാതെയാണ് നീരജും ഹിമാനിയും ദിവസങ്ങൾക്കു മുൻപ് വിവാഹിതരായത്. ചടങ്ങുകളെല്ലാം കഴിഞ്ഞ് വിദേശത്ത് ഹണിമൂൺ ആഘോഷത്തിനിടെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇരുപത്തിയേഴുകാരൻ നീരജ് ആ ‘ബ്രേക്കിങ് ന്യൂസ്’ പുറത്തു വിട്ടത്.
ഇന്റിമേറ്റ് വെഡിങ്
നീരജിന്റെ അമ്മാവൻ സുരേന്ദ്ര ചോപ്രയാണ് ആരാധകരെയും മാധ്യമങ്ങളെയുമെല്ലാം ‘വണ്ടറടിപ്പിച്ച’ ആ വിവാഹം അതീവരഹസ്യമായി എങ്ങനെ നടന്നതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ‘‘നീരജും ഹിമാനിയും തമ്മിൽ രണ്ടു വർഷത്തോളമായി അടുപ്പമുണ്ട്. യുഎസിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹമാകാം എന്നായതോടെ രണ്ടു പേരുടെയും കുടുംബങ്ങളും തമ്മിൽ വിവാഹക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു. അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രം പങ്കെടുക്കാനാവുന്ന ‘ഇന്റിമേറ്റ് വെഡിങ്’ ആയിരിക്കണം തങ്ങളുടേത് എന്നായിരുന്നു നീരജിന്റെ ആഗ്രഹം.
ജാവലിൻ പരിശീലനവും മത്സരങ്ങളും ക്രമീകരിക്കേണ്ടതിനാൽ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ ഉന്നതരെ നീരജ് വിവാഹം അറിയിച്ചിരുന്നു. അവരും കാര്യം രഹസ്യമായി സൂക്ഷിച്ചതിനാൽ നീരജ് ആഗ്രഹിച്ച പ്രകാരം തന്നെ വിവാഹം സ്വകാര്യ ചടങ്ങായി. എഴുപതോളം പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ചടങ്ങിലെ വിശേഷപ്പെട്ട അതിഥികളിലൊരാൾ നീരജിന്റെ വളർത്തുനായയായ ‘ടോക്കിയോ’ ആയിരുന്നു. 2021 ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയതിനു പിന്നാലെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര നീരജിനു സമ്മാനിച്ചതാണ് ‘ടോക്കിയോ’യെ!
ഡെസ്റ്റിനേഷൻ വെഡിങ്
നീരജ്–ഹിമാനി വിവാഹം നടന്നത് ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ചാണ്. കൽക്ക–ഷിംല ഹൈവേയിൽ കുമർഹട്ടിയിലെ സൂര്യവിലാസ് റിസോർട്ട് ആയിരുന്നു വെഡിങ് ഡെസ്റ്റിനേഷൻ. ജനുവരി 14 മുതൽ 16 വരെ 3 ദിവസങ്ങളിലായിരുന്നു ചടങ്ങുകൾ.
വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകൾക്കായി ഹിമാനി ദിവസങ്ങൾക്കു മുൻപേ ഹരിയാനയിലെ പാനിപ്പത്തിനു സമീപം നീരജിന്റെ ജന്മഗ്രാമമായ ഖന്ദ്രയിലെത്തിയിരുന്നു. ആചാരപ്രകാരമുളള ‘ഷാഗൻ’ ആയി ഒരു രൂപ മാത്രമാണ് നീരജ് സ്വീകരിച്ചത്.
ജാവലിൻ Weds ടെന്നിസ്
ദേശീയ റാങ്കിങ്ങിൽ 42–ാം സ്ഥാനം വരെ എത്തിയ ടെന്നിസ് താരമാണ് നീരജിന്റെ ജീവിതപങ്കാളി ഹിമാനി മോർ. ഹരിയാനയിലെ സോനിപ്പത്തിനു സമീപം ലർസോളി ഗ്രാമത്തിൽ നിന്നുള്ള ഇരുത്തിയഞ്ചുകാരി ഹിമാനി ഡബിൾസ് റാങ്കിങ്ങിൽ 27–ാം സ്ഥാനം വരെ എത്തിയിട്ടുണ്ട്. 2017ൽ തായ്പേയിയിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. അക്കാദമിക്സിലും മികവു പുലർത്തുന്ന ഹിമാനി ഇപ്പോൾ യുഎസിലെ മാസച്യുസിറ്റ്സിലെ ഐസൻബർഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ സ്പോർട്സ് സയൻസ് വിദ്യാർഥിനിയും ആംഹെസ്റ്റ് കോളജിൽ ഗ്രാജ്വേറ്റ് അസിറ്റന്റുമാണ്. കോളജിലെ വനിതാ ടെന്നിസ് ടീമിന്റെ പരിശീലനച്ചുമതലയും ഹിമാനിക്കുണ്ട്.