ADVERTISEMENT

കൊച്ചി ∙ ഉത്തരാഖണ്ഡിലെ കൊടും തണുപ്പിനെ മറികടക്കാൻ ദേശീയ ഗെയിംസ് മത്സരങ്ങൾക്കായി ഒരുക്കുന്നതു ചൂടുവെള്ളം നിറച്ച നീന്തൽക്കുളം. ഹിമാലയത്തോടു ചേർന്നു കിടക്കുന്ന കുമയോൺ മേഖലയിലുള്ള ഹൽദ്വാനി നഗരത്തിലെ ഇന്ദിരാഗാന്ധി രാജ്യാന്തര സ്പോർട്സ് കോംപ്ലക്സിലെ ഔട്ട്ഡോർ നീന്തൽക്കുളത്തിലാണു നീന്തൽ മത്സരങ്ങളും വാട്ടർപോളോയും നടക്കുന്നത്.

ഇവിടെ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിലും അധികമാണ്. നീന്തൽ താരങ്ങൾ നേരിടുന്ന ഈ പ്രതിസന്ധി ഒഴിവാക്കാനായി പ്രത്യേക ഹീറ്റ് പമ്പുകൾ ഉപയോഗിച്ച് നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ താപനില 20–30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർത്തും. എന്നാൽ നീന്തൽക്കുളം തുറന്ന സ്ഥലത്തായതിനാൽ വെള്ളത്തിലിറങ്ങുന്നതിനു മുൻപുള്ള സമയത്തു ശീതക്കാറ്റ് താരങ്ങൾക്കു വെല്ലുവിളിയായി തുടരും.

1999ൽ മണിപ്പുരിൽ നടന്ന ദേശീയ ഗെയിംസിൽ നീന്തൽക്കുളത്തിൽ ചൂടുവെള്ളം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ അന്നതു പൂർണ വിജയമായിരുന്നില്ല. അന്നു നീന്തൽ മത്സരത്തിനിറങ്ങിയ സെബാസ്റ്റ്യൻ സേവ്യറാണ് ഇന്നു കേരള  സംഘത്തലവൻ. 2001ൽ പഞ്ചാബിൽ നടന്ന ദേശീയ ഗെയിംസിൽ തണുപ്പു താങ്ങാനാകാതെ നീന്തൽ മത്സരങ്ങൾ ഗെയിംസിൽ നിന്ന് ഒഴിവാക്കുക വരെ ചെയ്തിരുന്നു.20 ഡിഗ്രി സെൽഷ്യസിനു താഴെ താപനിലയുള്ള അന്തരീക്ഷം മലയാളി നീന്തൽ താരങ്ങൾക്കു കടുത്ത വെല്ലുവിളിയാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ സെക്രട്ടറിയും സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) വൈസ് പ്രസിഡന്റുമായ എസ്. രാജീവ് പറഞ്ഞു.

വെള്ളം എങ്ങനെ ചൂടാക്കും?

സൗരോർജത്തിൽ പ്രവർത്തിക്കുന്ന 16 ഹീറ്റ് പമ്പുകൾ ഉപയോഗിച്ചാണു ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽ ചൂടുവെള്ളം നിറയ്ക്കുക. നീന്തൽക്കുളത്തിലെ വെള്ളം ശുദ്ധീകരിച്ചു കടത്തിവിടുന്ന ഫിൽറ്ററിനോടു ചേർന്നാണു ഹീറ്റ് പമ്പുകൾ ക്രമീകരിക്കുക. വെള്ളം ശുദ്ധീകരിച്ച ശേഷം പൂളിലേക്കു കടത്തി വിടും മുൻപായി അത് ചൂടാക്കുന്നതാണു രീതി. ഇതുവഴി നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ താപനില 20–30 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ കഴിയും.

English Summary:

National Games: heated swimming pools for competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com