ആറാം ദേശീയ ഗെയിംസിനൊരുങ്ങി അപർണ ബാലൻ; കോർട്ടിൽ കസറാൻ അപർണ–ആരതി സഖ്യം

Mail This Article
കൊച്ചി ∙ അമ്മയായ ശേഷമുള്ള ആദ്യ ദേശീയ ഗെയിംസിന് ഇറങ്ങുകയാണു ബാഡ്മിന്റൻ താരം അപർണ ബാലൻ. അപർണയുടെ ആറാമത്തെ ദേശീയ ഗെയിംസ് കൂടിയാണിത്. ബാഡ്മിന്റൻ വനിതാ ഡബിൾസിൽ അപർണയ്ക്ക് കൂട്ട് ദേശീയ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തുള്ള ആരതി സാറ സുനിലാണ്. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസ് ബാഡ്മിന്റനിൽ കേരളത്തിന്റെ സുവർണ പ്രതീക്ഷയാണ് അപർണ–ആരതി സഖ്യം.
2001 മുതൽ 2015 വരെയുള്ള 5 ദേശീയ ഗെയിംസുകളിലായി 2 സ്വർണം, 3 വെള്ളി, 2 വെങ്കലം എന്നിങ്ങനെയാണ് അപർണയുടെ മെഡൽ നേട്ടം. കഴിഞ്ഞ 2 ദേശീയ ഗെയിംസുകളിൽ മത്സരിച്ചില്ല. മകൻ ശ്രിയാന് 3 വയസ്സായതോടെ കോർട്ടിലേക്കു മടങ്ങിയെത്തിയ അപർണ നിലവിൽ ദേശീയ ഡബിൾസ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. 2015, 2022 ദേശീയ ഗെയിംസുകൾ കളിച്ച ആരതി 2 വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. ദേശീയ, രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ ആരതിയുടെ ഡബിൾസ് പങ്കാളിയായ വർഷിണി ഗെയിംസിൽ തമിഴ്നാടിനു വേണ്ടിയാണു കളിക്കുന്നത്.
കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ കോച്ചും മുൻ ദേശീയ ബാഡ്മിന്റൻ താരവുമായ ജോയ് ടി. ആന്റണിക്കു കീഴിലാണു അപർണ–ആരതി സഖ്യത്തിന്റെ പരിശീലനം. 3 ദേശീയ ഗെയിംസുകളിൽ മത്സരിച്ച ജോയ് ടീമിനത്തിൽ 2 സ്വർണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. ഇത്തവണ ബാഡ്മിന്റനിൽ കേരളത്തിൽ നിന്നു പുരുഷ താരങ്ങളാരും യോഗ്യത നേടിയിട്ടില്ല. ഡെറാഡൂണിൽ ഫെബ്രുവരി 2 മുതലാണു വനിതാ ഡബിൾസ് മത്സരങ്ങൾ.
∙ ജോലി, 12 ലക്ഷം രൂപ
ഇത്തവണത്തെ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ഉത്തരാഖണ്ഡ് താരങ്ങൾക്കു ലഭിക്കുക ജോലിയും 12 ലക്ഷം രൂപയും. സംസ്ഥാനം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണു പ്രഖ്യാപനം. വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്ക് യഥാക്രമം 8 ലക്ഷം, 6 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും.
ഇതോടെ ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. കഴിഞ്ഞ ദേശീയ ഗെയിംസിൽ 3 സ്വർണമുൾപ്പെടെ 8 മെഡലുകൾ നേടിയ ഉത്തരാഖണ്ഡ് 25–ാം സ്ഥാനത്തായിരുന്നു.
∙ വോളി ഹർജി ഇന്ന് പരിഗണിക്കും
കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ, വനിതാ വോളിബോൾ ടീമുകൾക്ക് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, ഗെയിംസ് ടെക്നിക്കൽ കണ്ടക്ട് കമ്മിറ്റി, കേരള ഒളിംപിക് അസോസിയേഷൻ എന്നിവർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം.എസ്.അനിൽ കുമാർ നൽകിയ ഹർജിയാണു ജസ്റ്റിസ് സി.എസ്.ഡയസ് ഇന്നലെ പരിഗണിച്ചത്.
ഇതു സംബന്ധിച്ച കോടതി ഉത്തരവ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന് നിർദേശിച്ചാണ് ഹർജി ഇന്നത്തേക്കു മാറ്റിയത്.