സ്പോർട്സ് ഹോസ്റ്റലുകൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; കരുണയില്ലാതെ സർക്കാർ

Mail This Article
തിരുവനന്തപുരം ∙ ആറ് മാസത്തിലേറെയായി ഭക്ഷണ അലവൻസ് പോലും കുടിശികയായതോടെ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകൾ കടുത്ത പ്രതിസന്ധിയിൽ. മുന്നോട്ടു പോകാൻ നിവൃത്തിയില്ലാതായതോടെ താരങ്ങൾ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിനെത്തി.
തോർത്തും ജഴ്സിയും വിരിച്ച് സെക്രട്ടേറിയറ്റിനു മുൻപിൽ അവർ ഭിക്ഷയാചിച്ച് പ്രതിഷേധിച്ചിട്ടും സർക്കാരിന് കുലുക്കമില്ല. താരങ്ങൾക്ക് പോഷക സമൃദ്ധമായ ആഹാരം ഉറപ്പാക്കാനുള്ള അലവൻസ് കിട്ടാതായതോടെ, ഉള്ളതുകൊണ്ട് പട്ടിണി ഒഴിവാക്കി പോവുകയാണ് ഹോസ്റ്റലുകൾ. നടത്തിപ്പുകാരെല്ലാം വൻ കടക്കെണിയിലുമാണ്.
കഴിഞ്ഞ ജൂണിൽ അധ്യയന വർഷം ആരംഭിച്ചതു മുതൽ ഭക്ഷണ അലവൻസ് നൽകിയിരുന്നില്ല. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘കായികം, കടം, സങ്കടം’ പരമ്പരയിൽ താരങ്ങളുടെ ദുരവസ്ഥ തുറന്നു കാട്ടിയതിനു പിന്നാലെ കുടിശിക വീട്ടാൻ 3 കോടി രൂപ അനുവദിച്ചെങ്കിലും അതുപോലും ഇതുവരെ കൊടുത്തു തീർത്തിട്ടില്ല. 3 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ നവംബർ 28ന് കായിക മന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചത്.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറിയിൽ നിന്ന് തുക അനുവദിച്ചു കിട്ടിയത് ഈ മാസമാണ്. ഇതിൽ 2.4 കോടി രൂപ മാത്രമാണ് ഭക്ഷണ കുടിശികയിനത്തിൽ നൽകിയത്. 35 ലക്ഷത്തോളം രൂപ ഹോസ്റ്റലുകളിലെ താൽക്കാലിക പരിശീലകർക്കും പാചകക്കാർക്കും ശമ്പള കുടിശിക നൽകാനാണ് വിനിയോഗിച്ചത്. 15 ദിവസം മുതൽ ഒരു മാസത്തെ വരെ വേതന കുടിശികയാണ് നൽകിയത്. രണ്ടര മാസത്തെ വേതനം ഇനിയും കുടിശികയാണ്.
സ്പോർട്സ് കൗൺസിൽ നേരിട്ടു നടത്തുന്ന സെൻട്രലൈസ്ഡ് ഹോസ്റ്റലുകൾക്ക് 2 മാസത്തെ ഭക്ഷണ കുടിശിക നൽകിയപ്പോൾ സ്കൂളുകൾക്കും കോളജുകൾക്കും അനുബന്ധമായുള്ള സ്പോർട്സ് ഹോസ്റ്റലുകൾക്ക് ശരാശരി ഒരുമാസത്തെ കുടിശിക മാത്രമാണ് നൽകിയത്. 6 മാസത്തെ കുടിശിക ഇനിയും ബാക്കി. ഇതു നൽകാനായി ഇനിയും 8 കോടിയിലേറെ വേണം.
ഹോസ്റ്റലുകളിലെ ഭക്ഷണ അലവൻസ് കുടിശികയും ജീവനക്കാരുടെ ശമ്പള കുടിശികയും വീട്ടാൻ 12 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് 3 മാസം മുൻപ് സർക്കാരിനെ സമീപിച്ചതായി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലിയും വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്തും പറയുന്നു. എന്നാൽ അനുവദിച്ച തുക പോലും സമയത്ത് ലഭിക്കാത്ത അവസ്ഥയാണ്.