കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സരയിനമാക്കുന്നതിൽ തീരുമാനമായില്ല; സമയപരിധി കഴിഞ്ഞു, കളരി പുറത്തുതന്നെ!

Mail This Article
ന്യൂഡൽഹി ∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കളരിപ്പയറ്റ് മത്സര ഇനമാക്കുന്നതിൽ നടപടി സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിട്ടും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രതികരിക്കാത്തതാണ് മത്സരാർഥികളെ ഉൾപ്പെടെ ആശങ്കയിലാക്കിയിരിക്കുന്നത്.
ഐഒഎ അറിയിപ്പ് ഇറക്കിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുന്നത് പരിഗണിക്കുമെന്ന് കേസിലെ ഹർജിക്കാരി ഹർഷിത യാദവ് അറിയിച്ചു. കഴിഞ്ഞ ദേശീയ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലാണ് കളരിപ്പയറ്റിൽ കേരളം നേടിയത്. ഇത്തവണത്തെ ഗെയിംസിൽ കളരിപ്പയറ്റിനെ പ്രദർശനയിനം മാത്രമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
വോളി ഹർജി: വിധി പിന്നീട്
കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ, വനിത വോളിബോൾ ടീമുകൾക്ക് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, ഗെയിംസ് ടെക്നിക്കൽ കണ്ടക്ട് കമ്മിറ്റി, കേരള ഒളിംപിക് അസോസിയേഷൻ എന്നിവർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം.എസ്.അനിൽ കുമാർ നൽകിയ ഹർജിയാണു ജസ്റ്റിസ് സി.എസ്.ഡയസ് പരിഗണിച്ചത്.