ദേശീയ ഗെയിംസിൽ കേരളത്തിന്റെ സുവർണപ്രതീക്ഷ: നീന്തൽ താരം സജൻ പ്രകാശ് സംസാരിക്കുന്നു

Mail This Article
കൊച്ചി ∙ ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ കേരളത്തിന്റെ സുവർണ മത്സ്യമാണ് നീന്തൽ താരം സജൻ പ്രകാശ്. 4 ദേശീയ ഗെയിംസുകളിൽ നിന്നായി 26 മെഡലുകൾ; അതിൽ 14 സ്വർണം. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിലും കേരളത്തിന്റെ സുവർണ പ്രതീക്ഷകൾ സജനിലാണ്.
കർണാടകയിലെ ബെള്ളാരിയിലെ ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലാണ് പരിശീലനം. ദേശീയ ഗെയിംസിനുള്ള തയാറെടുപ്പിനിടയിൽ സജൻ സംസാരിക്കുന്നു.
ദേശീയ ഗെയിംസിനുള്ള തയാറെടുപ്പുകൾ എങ്ങനെ?
ബ്രസീലിയൻ കോച്ച് അരിൽസൻ ഷംപാമിനു കീഴിൽ പരിശീലനം തുടങ്ങിയതേയുള്ളൂ. ആഴ്ചയിൽ 10 നീന്തൽ സെഷനുകളാണ് ഇപ്പോൾ ചെയ്യുന്നത്. ഒപ്പം, ശരീരത്തിനു ശക്തി കൂട്ടാനുള്ള വ്യായാമങ്ങളുമുണ്ട്. കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷമാണു പരിശീലനത്തിൽ സജീവമാകുന്നത്.
ഗെയിംസ് നടക്കുന്ന ഉത്തരാഖണ്ഡിൽ നല്ല തണുപ്പാണ്. നീന്തൽ താരങ്ങൾക്കു പ്രതിസന്ധിയാകില്ലേ?
ശരിയാണ്. തണുപ്പ് ഏറ്റവും പ്രതികൂലമായി ബാധിക്കുക നീന്തൽ താരങ്ങളെയാണ്. കേരളത്തിൽ നിന്നു പോകുന്നവർക്ക് അതു വലിയ വെല്ലുവിളി തന്നെയാകും. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ശരീരം മുറുകും. എങ്കിലും ആ പ്രതിസന്ധികളെ മറികടക്കുന്നതിലാണ് അത്‌ലീറ്റിന്റെ മിടുക്ക്.
ഇത്തവണ അർജുന അവാർഡിന്റെ സന്തോഷം കൂടിയുണ്ടല്ലോ?
തീർച്ചയായും. ഈ വർഷം തുടങ്ങിയത് അർജുന അവാർഡ് നേട്ടത്തോടെയാണ്. കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അതു പ്രോത്സാഹനമാകും. 2011ലെ റാഞ്ചി ദേശീയ ഗെയിംസിൽ പങ്കെടുത്തിരുന്നെങ്കിലും മെഡലുകളുണ്ടായിരുന്നില്ല. പിന്നീടുള്ള 3 ഗെയിംസുകളിലും മികച്ച പ്രകടനം നടത്താനായി.
ഏതൊക്കെ ഇനങ്ങളിലാണു ശ്രദ്ധയൂന്നുന്നത്?
50, 100, 200 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലാണു പ്രധാന ശ്രദ്ധ. ബട്ടർഫ്ലൈ പരിശീലനം തുടങ്ങാനിരിക്കുന്നതേയുള്ളൂ. ഒരാഴ്ചയ്ക്കുള്ളിൽ തയാറെടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
ദേശീയ ഗെയിംസിനു ശേഷം എന്താണു ലക്ഷ്യം?
2026ൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണു മുന്നിലുള്ളത്. ഏറെ പ്രതീക്ഷയോടെയാണ് ഏഷ്യൻ ഗെയിംസിനെ കാണുന്നത്.