ദേശീയ ഗെയിംസ് വോളിബോള്‍: സംസ്ഥാന വോളിബോൾ അസോസിയേഷന്റെ ടീം പങ്കെടുക്കും

Mail This Article
കൊച്ചി∙ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനു വേണ്ടി ഏതു ടീം മത്സരിക്കുമെന്ന കാര്യത്തിൽ താത്കാലിക തീരുമാനം. കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ, വനിത വോളിബോൾ ടീമുകളെ ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോെട സംസ്ഥാന വോളിബോൾ അസോസിയേഷന്റെ ടീമിന് ഈ മാസം 28 മുതൽ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാം.
കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനെ മത്സരത്തിന് അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം.എസ്.അനിൽ കുമാർ നൽകിയ ഹർജിലാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഇന്ന് ഇടക്കാല വിധി പറഞ്ഞത്. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
സ്പോർട്സ് കൗണ്‍സിലിന്റെ കീഴിലുള്ള വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും സംസ്ഥാന വോളിബോൾ അസോസിയേഷനും വ്യത്യസ്ത ടീമുകളെ പ്രഖ്യാപിച്ചത് കളിക്കാരെ അടക്കം പ്രതിസന്ധിയിലാക്കിയിരുന്നു. ഇരു ടീമുകളും പ്രഖ്യാപിച്ച ടീമുകളുടെ പരിശീലന ക്യാംപുകളും നടന്നുവരികയാണ്. ഇതിനിടെയാണു തർക്കം ഹൈക്കോടതി കയറിയത്.
2022ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ പുരുഷ–വനിതാ വിഭാഗത്തിലെ സ്വർണം കേരളത്തിനായിരുന്നു. ഹൈക്കോടതി വിധിക്കു പിന്നാലെ ടെക്നിക്കൽ കമ്മിറ്റിയുടെ ടീമായിരുന്നു അന്ന് മത്സരിച്ചത്. അടുത്തിടെ ജയ്പൂരിൽ നടന്ന ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിലും ടെക്നിക്കൽ കമ്മിറ്റിയുടെ ടീമായിരുന്നു മത്സരിച്ചത്. എന്നാൽ ഇത്തവണ മത്സരിക്കുക കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമായിരിക്കും.