ദേശീയ ഗെയിംസിന് ഒരുങ്ങി ഉത്തരാഖണ്ഡ്, മത്സരങ്ങൾ ഇന്നുമുതൽ; മഞ്ഞിൽ വിരിയട്ടെ, മെഡലുകൾ!

Mail This Article
പൂക്കളുടെ താഴ്‌വരയിൽ മഞ്ഞ് പെയ്തിറങ്ങുന്നു. ഡെറാഡൂണിലെ സന്ധ്യയ്ക്കു മകരമഞ്ഞിന്റെ തണുപ്പ്. രണ്ടു ദിവസം മുൻപായിരുന്നു ഉത്തരാഖണ്ഡിലെ തദ്ദേശ തിരഞ്ഞെടുപ്പ്. വിജയിച്ച സ്ഥാനാർഥികളുടെ ആഘോഷ പ്രകടനങ്ങൾ തീർക്കുന്ന പ്രകമ്പനങ്ങളിലാണ് നഗരം. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിലേക്കു പറന്നെത്തുന്ന വിമാനങ്ങളിൽ ഇടയ്ക്കിടെ കായിക താരങ്ങൾ വന്നിറങ്ങുന്നു. 28നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാൽ എല്ലായിടത്തും കർശന സുരക്ഷ.
ഡെറാഡൂണിൽനിന്ന് അൽപം മാറി റായ്പുരിലുള്ള മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയമാണു ദേശീയ ഗെയിംസിന്റെ പ്രധാന വേദി. ഇവിടെ തയാറെടുപ്പുകൾ അന്തിമ ഘട്ടത്തിലാണ്. ട്രാക്കിൽ പുതിയ സിന്തറ്റിക് ടർഫ് ഒരുക്കുന്നത് ഉൾപ്പെടെ പൂർത്തിയാകുന്നു.
ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം 28ന് ആണെങ്കിലും ട്രയാത്‌ലൻ മത്സരങ്ങൾ ഇന്നു തുടങ്ങും. ഹിമാലയൻ മലനിരകളോടു ചേർന്നുള്ള നഗരമായ ഹൽദ്വാനിയാണു ട്രയാത്‌ലൻ മത്സര വേദി. പൊതുവേ ട്രയാത്‌ലൻ മത്സരങ്ങൾ പുലർച്ചെയാണു നടക്കാറുള്ളത്. എന്നാൽ ഹൽദ്വാനിയിലെ കൊടും തണുപ്പിൽ പുലർച്ചെ മത്സരം നടത്താനാകാത്തതിനാൽ രാവിലെ 11നാണു തുടക്കം.
∙ ആദ്യ മത്സരത്തിന് കേരളം ഇന്നിറങ്ങും
പുരുഷ, വനിത വിഭാഗം വ്യക്തിഗത ട്രയാത്‌ലൻ മത്സരങ്ങളിൽ കേരളം ഇന്നിറങ്ങും. പുരുഷ വിഭാഗത്തിൽ കെ. മുഹമ്മദ് റോഷനും ശ്രീദത്ത് സുധീറും വനിത വിഭാഗത്തിൽ എസ്. ഹരിപ്രിയയും എം. സാന്ദ്രജയുമാണു മത്സരിക്കുന്നത്.
750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്ലിങ്, 5 കിലോമീറ്റർ ഓട്ടം എന്നിവയാണ് ട്രയാത്‌ലൻ മത്സരത്തിൽ ഉൾപ്പെടുന്നത്. നീന്തലിൽ തുടങ്ങി ഓട്ടത്തിൽ അവസാനിക്കുന്ന മത്സരത്തിൽ ആദ്യം ഫിനിഷ് ചെയ്യുന്നയാളാണു വിജയി.
മെഡൽ നേടൂ, മരം നടൂ; ദേശീയ ഗെയിംസിന്റെ ഓർമയ്ക്കായി കായിക വനം
ഇത്തവണത്തെ ദേശീയ ഗെയിംസിൽ മെഡൽ നേടുന്നവർക്ക് അവിസ്മരണീയമായൊരു സമ്മാനം കാത്തുവയ്ക്കുകയാണ് ഉത്തരാഖണ്ഡ്. മെഡൽ നേടുന്ന കായിക താരങ്ങളുടെ പേരിൽ ഉത്തരാഖണ്ഡിൽ ഓരോ വൃക്ഷത്തൈ നടും. സംസ്ഥാനം ആതിഥ്യം വഹിക്കുന്ന പ്രഥമ ദേശീയ ഗെയിംസിന്റെ ഓർമയ്ക്കായി ഇതുവഴി ഒരു കായിക വനം നിർമിക്കാനാണ് പദ്ധതി.
വിജയികളാകുന്ന 3700 കായികതാരങ്ങളുടെ പേരിലും വൃക്ഷത്തൈ നടും. കായിക താരങ്ങൾക്കു വീണ്ടും ഉത്തരാഖണ്ഡ് സന്ദർശിക്കാനുള്ള പ്രചോദനമാകാൻ ഈ കായിക വനത്തിനു കഴിയുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. വിജയികൾക്കു സമ്മാനിക്കുന്ന മെഡലുകൾ ഇലക്ട്രോണിക് വേസ്റ്റിൽനിന്നു തയാറാക്കിയതാണ്.