റിപ്പബ്ലിക് ദിനത്തിൽ 26 കി.മീ ഓടി അരുൺജിത്ത്; നാലു വർഷത്തിനിടെ പൂർത്തിയാക്കിയത് 250 ഹാഫ് മാരത്തണുകൾ

Mail This Article
തൃശൂർ∙ 250 ഹാഫ് മാരത്തണുകൾ പൂർത്തിയാക്കി തൃശൂർ സ്വദേശി അരുൺജിത്ത് ഉണ്ണികൃഷ്ണൻ. നാലു വർഷത്തിനിടയിലാണ് ഇത്രയും ഹാഫ് മാരത്തണുകൾ പൂർത്തിയാക്കിയത്. ഗോവയിൽ നടന്ന അയൺമാൻ 70.3, ദുബായിൽ നടന്ന ഓഷ്യൻമാൻ തുടങ്ങിയ കായികമത്സരങ്ങളിൽ മാറ്റുരച്ച താരമാണ് അരുൺജിത്ത്. റിപ്പബ്ലിക് ദിനത്തിൽ 26 കിലോമീറ്റർ ഓടിയാണ് അരുൺജിത്ത് തന്റെ കായികജീവിതത്തിലെ പുതിയ നാഴികക്കല്ല് താണ്ടിയത്.
ഇവൈ കൊച്ചിയിൽ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന അരുൺജിത്ത്, 39–ാമത്തെ വയസ്സിലാണ് കായികരംഗത്ത് സജീവമാകുന്നത്. നാലു വർഷത്തിനുള്ളിൽ അഞ്ച് അൾട്രാ മാരത്തണുകളും 15 ഫുൾ മാരത്തണുകളും 250 ഹാഫ് മാത്തണുകളും പൂർത്തിയാക്കി.
ട്രയാത്ത്‍ലണിൽ പങ്കെടുക്കാൻ 42–ാം വയസ്സിലാണ് അരുൺജിത്ത് നീന്തൽ പരിശീലിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി 6:47 മണിക്കൂറിൽ ഗോവ അയൺമാൻ 70.3 പൂർത്തിയാക്കി. ഓട്ടം, സൈക്ലിങ്, നീന്തൽ എന്നീ മൂന്നു കായിക ഇനങ്ങളിലും ഒരുപോലെ കഴിവു തെളിയിച്ചു. 2025ൽ നടക്കുന്ന അയൺമാൻ 140.6ൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ തൃശൂർ സ്വദേശി.