വൈശാലിക്ക് കൈകൊടുക്കാതെ ഉസ്ബെക്ക് താരം, വിവാദം; മതപരമായ കാരണം, അന്യസ്ത്രീകളെ തൊടാറില്ലെന്ന് വിശദീകരണം– വിഡിയോ

Mail This Article
വിക് ആൻ സീ (നെതർലൻഡ്സ്) ∙ ചെസ് മത്സരത്തിനു മുന്നോടിയായി ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ എതിരാളിയായ ഇന്ത്യൻ വനിതാ താരത്തിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിനെച്ചൊല്ലി വിവാദം. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയാണ് സംഭവം. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവാണ് വിവാദം സൃഷ്ടിച്ചത്.
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വിവാദം ഉടലെടുക്കുകയും ചെയ്തതോടെ, മതപരമായ കാരണങ്ങളാലാണ് വൈശാലിക്ക് ഹസ്തദാനം നൽകാതിരുന്നതെന്ന് ഉസ്ബെക്കിസ്ഥാൻ താരം വ്യക്തമാക്കി. വൈശാലിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, അന്യസ്ത്രീയെ സ്പർശിക്കുന്ന കാര്യത്തിൽ മതപരമായ വിലക്കുള്ളതിനാലാണ് ഹസ്തദാനം നൽകാതെ പിൻവാങ്ങിയതെന്നുമാണ് താരത്തിന്റെ വിശദീകരണം. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയിട്ടും ഉസ്ബെക്കിസ്ഥാൻ താരം പിൻവലിഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ്, പതിവുള്ള ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയത്. എന്നാൽ, കൈ നീട്ടിയെ വൈശാലിയെ അവഗണിച്ച് യാക്കുബോയെവ് എതിരെയുള്ള കസേരയിൽ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ.
ഹസ്തദാനത്തിന് വിസമ്മതിച്ച യാക്കുബോയെവ് മത്സരം തോൽക്കുകയും ചെയ്തു. മത്സരത്തിനു ശേഷം യാക്കുബോയെവിന് ഹസ്തദാനം നൽകാൻ വൈശാലി തയാറായതുമില്ല. ഇരുപത്തിമൂന്നുകാരനായ താരത്തിന് 2019ലാണ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത്. ചാലഞ്ചേഴ്സ് വിഭാഗത്തിൽ എട്ടു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ മൂന്നു പോയിന്റാണ് യാക്കുബോയെവിന്റെ സമ്പാദ്യം.
വൈശാലിക്ക് ഹസ്തദാനം നൽകാതിരുന്നതിന്റെ ദൃശ്യങ്ങൾ വൻ തോതിൽ പ്രചരിച്ചതോടെയാണ്, എക്സിൽ സുദീർഘമായ കുറിപ്പ് പങ്കുവച്ച് യാക്കുബോയെവ് തന്റെ ഭാഗം വിശദീകരിച്ചത്. വൈശാലിയോടും സഹോദരനും ചെസ് താരവുമായ ആർ.പ്രഗ്‌നാനന്ദയോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്ന് യാക്കുബോയെവ് കുറിച്ചു. തികച്ചും മതപരമായ കാരണങ്ങളാലാണ് വൈശാലിക്ക് ഹസ്തദാനം നൽകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘വൈശാലിയുമായുള്ള മത്സരത്തിലുണ്ടായ ആ സംഭവത്തിൽ എന്റെ ഭാഗം വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. സ്ത്രീകളോടും ഇന്ത്യൻ ചെസ് താരങ്ങളോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, മതപരമായ കാരണങ്ങളാൽ ഞാൻ അന്യ സ്ത്രീകളെ സ്പർശിക്കാറില്ല’ – യാക്കുബോയെവ് കുറിച്ചു.
‘‘ഇന്ത്യയിൽ നിന്നുള്ള ശക്തരായ ചെസ് താരങ്ങളെന്ന നിലയിൽ വൈശാലിയെയും സഹോദരനെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്റെ പെരുമാറ്റം അവർക്ക് അപമാനകരമായെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു. ഇതിനൊപ്പം എനിക്ക് മറ്റു ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാനുണ്ട്. 1. ചെസ് ഒരിക്കലും ഹറാമല്ല’ – യാക്കുബോയെവ് എഴുതി.
‘‘2. ഇതിനു മുൻപ് എന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ (2023ൽ ദിവ്യയുമായുള്ള മത്സരത്തിൽ ഉൾപ്പെടെ സംഭവിച്ച കാര്യങ്ങൾ) എന്റെ ഭാഗത്തുനിന്നുള്ള പിഴവായി ഞാൻ മനസ്സിലാക്കുന്നു.’’
‘‘3. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. എതിർ ലിംഗത്തിൽപ്പെട്ടവരുമായി ഹസ്തദാനം നടത്തരുതെന്ന് ഞാൻ ആരെയും നിർബന്ധിക്കാറില്ല. ഹിജാബോ ബുർഖയോ ധരിക്കാൻ സ്ത്രീകളെയും ഉപദേശിക്കാറില്ല. അത് അവരുടെ മാത്രം കാര്യമായാണ് ഞാൻ കാണുന്നത്.’’
‘‘ഇന്ന് (ഞായർ) മത്സരത്തിനു മുന്നോടിയായി എന്റെ ഈ രീതിയേക്കുറിച്ച് ഐറിന ബുൽമാഗയെ (റുമാനിയൻ താരം) ഞാൻ അറിയിച്ചിട്ടുണ്ട്. അവർ അത് അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും മത്സരത്തിനായി എത്തിയപ്പോൾ കുറഞ്ഞപക്ഷം ഞാൻ അവരെ അഭിവാദ്യം ചെയ്യുകയെങ്കിലും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദിവ്യയ്‌ക്കും വൈശാലിക്കും എതിരായ മത്സരത്തിനു മുന്നോടിയായി എന്റെ ഈ രീതിയെക്കുറിച്ച് അവരെ അറിയിക്കാൻ സാധിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. അതുകൊണ്ടാണ് അത്തരമൊരു അനാവശ്യ സംഭവം ഉണ്ടായത്.’’ – യാക്കുബോയെവ് എഴുതി.