ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആദ്യ മെഡൽ നീന്തൽക്കുളത്തിൽനിന്ന്; സജൻ പ്രകാശിന് ഇരട്ട വെങ്കലം

Mail This Article
ഹൽദ്വാനിയിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ, ദേശീയ ഗെയിംസിലെ കേരളത്തിന്റെ പ്രതീക്ഷകൾക്കു രണ്ടു വെങ്കലത്തിന്റെ തിളക്കം. നീന്തലിലെ സൂപ്പർതാരം സജൻ പ്രകാശാണ് ഇരട്ട വെങ്കലത്തോടെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ പട്ടിക തുറന്നത്. 200 മീറ്റർ ഫ്രീസ്റ്റൈൽ (1:53.73 മിനിറ്റ്), 100 മീറ്റർ ബട്ടർഫ്ലൈ (54.52 സെക്കൻഡ്) എന്നിവയിലാണു സജൻ വെങ്കലം നേടിയത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയുമായിരുന്നു സജന്റെ നേട്ടം.
ഹൽദ്വാനിയിലെ തണുപ്പും ആരോഗ്യ പ്രശ്നങ്ങളും ബാധിച്ചുവെങ്കിലും പരമാവധി മികച്ച പ്രകടനം നടത്തിയെന്നു സജൻ പ്രകാശ് പറഞ്ഞു. ദേശീയ ഗെയിംസിൽ ഏതു മെഡൽ നേട്ടവും സന്തോഷമാണെന്നും സജൻ പറഞ്ഞു. ഇന്നലത്തെ 2 മെഡലുകളോടെ ദേശീയ ഗെയിംസുകളിലെ സജന്റെ ആകെ മെഡൽ നേട്ടം 28 ആയി; അതിൽ 14 സ്വർണം.
200 മീറ്റർ ഫ്രീസ്റ്റൈലിൽ കർണാടകയുടെ ശ്രീഹരി നടരാജനാണു സ്വർണം (1:50.52 മിനിറ്റ്). 100 മീറ്റർ ബട്ടർഫ്ലൈയിൽ തമിഴ്നാടിന്റെ രോഹിത് ബനഡിക്‌ഷനാണു സ്വർണം (53.89 സെക്കൻഡ്). പെൺകുട്ടികളുടെ 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ കേരളം ആറാമതായി (4:32.39 മിനിറ്റ്). കർണാടകയ്ക്കാണു സ്വർണം (4:01.58 മിനിറ്റ്).
കളരിപ്പയറ്റിൽ 11 സ്വർണം
ദേശീയ ഗെയിംസിൽ പ്രദർശന മത്സര ഇനമായി ഒതുക്കിയ കളരിപ്പയറ്റിൽ ആദ്യ ദിവസം കേരളത്തിന് 11 സ്വർണം. മെയ്പയറ്റ്, ചുവടുകൾ, വാൾപ്പയറ്റ്, ഉറുമിപ്പയറ്റ്, ഉറുമി വീശൽ, കെട്ടുകാരി, കൈപ്പോര് എന്നീ ഇനങ്ങളിലാണു ഇന്നലെ മത്സരങ്ങൾ നടന്നത്. കേരളത്തിനു വേണ്ടി പുരുഷ വിഭാഗത്തിൽ അദ്വൈത്, ജിഷ്ണു (വ്യക്തിഗതം), ജി.ആർ. ഭരത്, ജി.ആർ. ധീരജ്, ആന്റോ റോബിൻസൺ, പി. ആകാശ്, പി. പ്രജീഷ് (ടീമിനം) എന്നിവരും വനിതകളിൽ ദേവിക വി. നായർ, അമൃത, കെ. അൻഷിഫ (വ്യക്തിഗതം), ചഞ്ചന, ദേവിക, പി. സോന, പി. നവ്യ (ടീമിനം) എന്നിവരും സ്വർണം നേടി. കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ മത്സര ഇനമല്ലെങ്കിലും വിജയിക്കുന്നവർക്കു സ്വർണം, വെള്ളി, വെങ്കല മെഡലുകൾ സമ്മാനിക്കുന്നുണ്ട്. എന്നാൽ ഈ മെഡലുകൾ സംസ്ഥാനത്തിന്റെ മെഡൽ പട്ടികയിൽ ഉൾപ്പെടുത്തില്ല.
ബീച്ച് ഹാൻഡ്ബോൾ: കേരളം സെമിയിൽ
തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം ദേശീയ ഗെയിംസിലെ ബീച്ച് ഹാൻഡ്ബോളിൽ കേരളം സെമി ഫൈനലിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ബംഗാളിനെ പരാജയപ്പെടുത്തി (2–0). കേരളത്തിനു വേണ്ടി അൽഫോൻസ പത്തും അശ്വതി എട്ടും പോയിന്റുകൾ നേടി. ഇന്നു നടക്കുന്ന സെമിയിൽ കേരളം അസമിനെ നേരിടും. ജയിച്ചാൽ മെഡലുറപ്പ്.
വനിതകളുടെ വാട്ടർപോളോയിൽ നിലവിലെ ചാംപ്യൻമാരായ കേരളം 25–0ന് തമിഴ്നാടിനെ തോൽപിച്ചു മുന്നേറ്റം തുടങ്ങി. വനിതകളുടെ ബാസ്കറ്റ്ബോളിലും ആദ്യ മത്സരത്തിൽ കേരളം വിജയിച്ചു. ഉത്തർപ്രദേശിനെയാണു തോൽപിച്ചത് (73–37).
വനിതകളുടെ വോളിബോളിൽ ആദ്യ മത്സരത്തിൽ കേരളം ബംഗാളിനെ പരാജയപ്പെടുത്തി (25–22, 25–15, 25–11). പുരുഷ വിഭാഗം റഗ്ബിയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കേരളം രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു.
ഷൂട്ടിങ് 10 മീറ്റർ എയർറൈഫിളിൽ കേരളത്തിൽ വിദർഷ കെ. വിനോദ് യോഗ്യത റൗണ്ടിൽ 633 പോയിന്റ് നേടി ഫൈനലിൽ പ്രവേശിച്ചു. പുരുഷ വിഭാഗം വുഷു സാന്ദ ഇനത്തിൽ 65 കിലോഗ്രാമിൽ കേരളത്തിന്റെ സഫീറും 75 കിലോഗ്രാമിൽ മുഹമ്മദ് സിനാനും പ്രീക്വാർട്ടറിൽ കടന്നു.