നാല് വനിതാ താരങ്ങളെ നേരിടണമെന്ന് നേരത്തേ അറിയാവുന്നതല്ലേ, ‘തൊടില്ലെന്ന’ കാര്യം എന്തുകൊണ്ട് മുൻകൂട്ടി അറിയിച്ചില്ല? സൂസൻ പോൾഗർ

Mail This Article
ന്യൂഡൽഹി∙ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുൻ ലോക ചെസ് ചാംപ്യനും ഒളിംപ്യാഡ് ജേതാവുമായിരുന്ന ഹംഗറി–യുഎസ് താരം സൂസൻ പോൾഗർ. മതപരമായ കാരണത്താൽ അന്യസ്ത്രീകളെ സ്പർശിക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗമാണ് ഹസ്തദാനത്തിന് തയാറാകാതിരുന്നതെന്ന യാക്കുബോയെവിന്റെ വിശദീകരണത്തിൽ തനിക്കു പ്രശ്നമൊന്നും തോന്നുന്നില്ലെന്നും, പക്ഷേ ഇക്കാര്യം മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നും സൂസൻ പോൾഗർ കുറിച്ചു.
‘‘ഈ വിഷയത്തിൽ എന്റെ അഭിപ്രായം ഇതാണ്: മതപരമായ കാരണമെന്ന വിശദീകരണത്തിൽ എനിക്ക് പ്രശ്നമൊന്നും തോന്നുന്നില്ല. എന്റെ ഈ നിലപാടിനോട് വിയോജിപ്പുള്ളവരുണ്ടാകും. പക്ഷേ, തന്റെ ഈ ശൈലിയെക്കുറിച്ച് അദ്ദേഹം സംഘാടകരെയും ചീഫ് ആർബിറ്റർ, എതിരാളികളായ വനിതാ താരങ്ങൾ എന്നിവരിൽ ഒരു കൂട്ടരെയും അറിയിക്കേണ്ടതായിരുന്നു. ഇതൊരു ഓപ്പൺ സ്വിസ് ടൂർണമെന്റല്ല. എതിരാളികളുടെ കൂട്ടത്തിൽ നാല് വനിതാ താരങ്ങളുമുണ്ടാകുമെന്ന് മുൻകൂട്ടി അറിയാവുന്ന ടൂർണമെന്റാണിത്. അതുകൊണ്ട് ഇക്കാര്യം മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നു. അല്ലാത്ത പക്ഷം വിമർശനങ്ങൾ പ്രതീക്ഷിച്ചേ തീരൂ’ – സൂസൻ കുറിച്ചു.
നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെയാണ് വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് യാക്കുബോയെവ് വിവാദം സൃഷ്ടിച്ചത്. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയിട്ടും ഉസ്ബെക്കിസ്ഥാൻ താരം പിൻവലിഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ്, പതിവുള്ള ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയത്. എന്നാൽ, കൈ നീട്ടിയെ വൈശാലിയെ അവഗണിച്ച് യാക്കുബോയെവ് എതിരെയുള്ള കസേരയിൽ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ. ഇതോടെയാണ്, മതപരമായ കാരണങ്ങളാൽ അന്യസ്ത്രീകളെ സ്പർശിക്കാറില്ലെന്നും അതുകൊണ്ടാണ് ഹസ്തദാനം ഒഴിവാക്കിയതെന്നും താരം വിശദീകരിച്ചത്.
അതേസമയം, നോദിർബെക് യാക്കുബോയെവ് മുൻപ് മറ്റൊരു ഇന്ത്യൻ വനിതാ ഗ്രാൻഡ് മാസ്റ്ററിന് ഹസ്തദാനം നൽകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മതപരമായ വിശ്വാസമനുസരിച്ച് അന്യ സ്ത്രീകളെ സ്പർശിക്കാറില്ല എന്ന് വിശദീകരിച്ച താരമാണ്, കഴിഞ്ഞ വർഷം ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ദിവ്യ ദേശ്മുഖിന് ഹസ്തദാനം നൽകിയത്. ഇതോടെ, മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം നൽകാതിരുന്നതെന്ന വിശദീകരണം ചോദ്യചിഹ്‌നമായി. യാക്കുബോയെവിന്റെ പ്രവൃത്തി ‘റേസിസം’ ആണെന്ന വിമർശനവുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.