കൊടും തണുപ്പിലും ഹൽദ്വാനിയിൽ നീന്തൽ മത്സരം ‘ചൂടുവെള്ളത്തിൽ’; വെള്ളം ചൂടാക്കാൻ പ്രത്യേക സംവിധാനം

Mail This Article
ഹൽദ്വാനി ∙ ഇന്നലെ വൈകിട്ട് ഹൽദ്വാനിയിലെ താപനില 13 ഡിഗ്രി സെൽഷ്യസ്. അതേസമയം നീന്തൽക്കുളത്തിലെ വെള്ളത്തിനു ചൂട് 27 ഡിഗ്രി സെൽഷ്യസ്. കൊടും തണുപ്പിലും നീന്തൽക്കുളത്തിലെ വെള്ളം ചൂടാക്കുന്നത് എങ്ങനെയാണ്? നീന്തൽക്കുളത്തിലേക്ക് ഒഴുക്കുന്ന വെള്ളം പ്രത്യേക ഹീറ്റ് പമ്പ് ഉപയോഗിച്ചു ചൂടാക്കുന്നതാണ് പ്രധാന നടപടി.
സ്വിമ്മിങ് പൂളുകളിലേക്ക് വെള്ളമെത്തിക്കാനായി പൂൾ പ്ലാന്റുകളുണ്ട്. ഈ പ്ലാന്റുകളിൽ ശുദ്ധീകരിച്ച ശേഷമാണു വെള്ളം സ്വിമ്മിങ് പ്ലാന്റിലെത്തുന്നത്. വെള്ളം ശുദ്ധീകരിച്ച ശേഷം സ്വിമ്മിങ് പൂളിലേക്ക് ഒഴുക്കുന്നതിനു മുൻപു ഹീറ്റ് പമ്പിലൂടെ കടത്തിവിടും. ഇതു വഴി സ്വിമ്മിങ് പൂളിലെ വെള്ളത്തിൽ നിശ്ചിത താപനില ക്രമീകരിക്കാനാകും.
സ്വിമ്മിങ് പൂൾ സോളർ കവർ ഉപയോഗിച്ചാണ് വെള്ളത്തിന്റെ ചൂട് കുറയാതെ നോക്കുന്നത്. മത്സരങ്ങൾക്കു ശേഷം നീന്തൽക്കുളം ഈ കവർ ഉപയോഗിച്ചു മൂടും. ഇത് നീന്തൽക്കുളത്തിലെ ചൂട് അധികം കുറയാതെ പിടിച്ചുനിർത്തും. ഇതുവഴി പിന്നീട് നീന്തൽക്കുളത്തിലെ വെള്ളം ചൂടാക്കാനുള്ള ഊർജത്തിന്റെ ഉപയോഗം കുറയ്ക്കാനാകും. സ്വിമ്മിങ് പൂൾ വൃത്തിയായി സൂക്ഷിക്കാനായി ഇത്തരം കവറുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്.