പൊന്നോളം...

Mail This Article
സ്വർണ മത്സ്യമായി ഹർഷിത ജയറാം കുതിച്ചപ്പോൾ ദേശീയ ഗെയിംസ് നീന്തൽക്കുളത്തിൽനിന്ന് കേരളത്തിന് ആദ്യ സ്വർണം. വനിതകളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് നീന്തലിലാണ് തൃശൂർ മതിലകം സ്വദേശിയായ ഹർഷിത ജയറാം സ്വർണം നേടിയത് (2:42.38 മിനിറ്റ്). തമിഴ്നാടിന്റെ ശ്രീനിധി നടേശനെ 6 സെന്റി സെക്കൻഡ് വ്യത്യാസത്തിൽ പിന്തള്ളിയാണ് ഹർഷിതയുടെ നേട്ടം. 2 ദേശീയ ഗെയിംസുകളിലായി ഹർഷിതയുടെ അഞ്ചാം മെഡലാണിത്. അതിൽ 3 സ്വർണം. കഴിഞ്ഞ തവണത്തെ ദേശീയ ഗെയിംസിൽ 50 മീ, 200 മീ. ബ്രസ്റ്റ് സ്ട്രോക്കുകളിൽ ഹർഷിത സ്വർണം നേടിയിരുന്നു. ഈ ഗെയിംസിൽ ഹർഷിതയ്ക്ക് ഇനി 3 ഇനങ്ങൾ കൂടി ബാക്കിയുണ്ട്.
തൃശൂർ മതിലകം സ്വദേശി ജയറാമിന്റെയും മമതയുടെയും മകളായ ഹർഷിത ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. ഇപ്പോൾ റെയിൽവേയിൽ സീനിയർ ടിക്കറ്റ് എക്സാമിനർ. ബെംഗളൂരു ഗ്ലോബൽ സ്വിം സെന്ററിൽ കണ്ണൂർ സ്വദേശിയായ കോച്ച് എ.സി. ജയരാജിനു കീഴിലാണു പരിശീലനം.സഹോദരി അശ്വിനിക്കൊപ്പം 8 വയസ്സു മുതൽ നീന്തൽ പരിശീലിക്കാൻ തുടങ്ങിയതാണു ഹർഷിത. സജൻ പ്രകാശാണു ഹർഷിതയുടെ റോൾ മോഡൽ.

കേരളത്തിന്റെ മറ്റു വിജയങ്ങൾ
∙ പുരുഷ ഫുട്ബോൾ: ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കേരളം 1–0ന് മണിപ്പുരിനെ തോൽപിച്ചു. 53–ാം മിനിറ്റിൽ ബിബിൻ ബോബനാണ് ഗോൾ നേടിയത്.
∙ ബീച്ച് ഹാൻഡ്ബോൾ: സെമിയിൽ അസമിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച കേരള വനിതകൾ ഫൈനലിൽ കടന്നു. പെനൽറ്റി ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഐശ്വര്യ കേരളത്തിന്റെ രക്ഷകയായി. ശ്വാസ തടസ്സവും ആരോഗ്യ പ്രശ്നങ്ങളും കാരണം ആശുപത്രിയിൽ നിന്നാണ് ഐശ്വര്യ സെമിഫൈനൽ മത്സരത്തിനെത്തിയത്.
∙ ബാസ്കറ്റ്ബോൾ (5x5): വനിതകളിൽ തുടർച്ചയായ രണ്ടാം വിജയവുമായി കേരളം സെമി ഫൈനലിൽ കടന്നു. ഉത്തരാഖണ്ഡിനെ തോൽപിച്ചത് 90–40 എന്ന സ്കോറിൽ.
∙ വോളിബോൾ: വനിത, പുരുഷ വിഭാഗങ്ങളിൽ കേരളത്തിനു ജയം. വനിതകൾ തമിഴ്നാടിനെയും (3–1), പുരുഷൻമാർ ഹരിയാനയെയും (3–1) തോൽപിച്ചു.
∙ വാട്ടർപോളോ: പുരുഷ വിഭാഗം വാട്ടർപോളോയിൽ ആദ്യ മത്സരത്തിൽ കേരളം മണിപ്പുരിനെ തോൽപിച്ചു (20–0).
∙ ഖൊഖൊ: പുരുഷ ഖൊഖൊയിൽ കേരളം സെമിയിൽ കടന്നു. ക്വാർട്ടറിൽ കർണാടകയെ തോൽപിച്ചു (30–26).