കളരിപ്പയറ്റിനായി ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി

Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നുള്ള റിട്ട് ഹർജിയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും (ഐഒഎ) അധ്യക്ഷ പി.ടി.ഉഷയ്ക്കും ഡൽഹി ഹൈക്കോടതി നോട്ടിസയച്ചു. കളരിപ്പയറ്റിനെ മത്സരയിനമാക്കാൻ കോടതിയെ സമീപിച്ച ഹർഷിത യാദവിന്റെ ഹർജിയിലാണ് നടപടി.
ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും ഉത്തരാഖണ്ഡ് സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. അടുത്തമാസം 3നു വീണ്ടും കേസ് പരിഗണിക്കും. ഹർജിക്കാരിക്കായി അഭിഭാഷകരായ അജീഷ് ഗോപി, ജന്നത്ത് ബി.മണക്കടവൻ എന്നിവരാണ് ഹാജരായത്.
ഹർജിക്കാരിയുടെ ആവശ്യത്തിൽ കഴിഞ്ഞ 15ന് ഐഒഎയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതോടെ കളരിപ്പയറ്റിനെ ഇക്കുറി മത്സരയിനമാക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കി 22ന് ഐഒഎ മറുപടി നൽകി.
മത്സര ഇനമാക്കാനുള്ള ഐഒഎയുടെ മാനദണ്ഡങ്ങളിൽ കളരിപ്പയറ്റ് ഉൾപ്പെടുന്നില്ലെന്നും ഈ സാഹചര്യത്തിൽ ഉത്തരാഖണ്ഡ് ഗെയിംസിൽ മത്സരയിനമാക്കാനാകില്ലെന്നും ഐഒഎ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് നിലവിലെ റിട്ട് ഹർജി.
കളരിപ്പയറ്റ് സമാപിച്ചു; കേരളത്തിന് 15 സ്വർണം
ഹരിദ്വാർ ∙ ദേശീയ ഗെയിംസിലെ പ്രദർശന ഇനമായ കളരിപ്പയറ്റ് സമാപിച്ചപ്പോൾ കേരളത്തിന് 15 സ്വർണവും 2 വെള്ളിയും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത കളരിപ്പയറ്റ് മത്സരത്തിൽ 23 പേരാണു കേരളത്തെ പ്രതിനിധീകരിച്ചത്. 5 ഇനങ്ങളിൽ കേരളം മത്സരങ്ങളിൽ പങ്കെടുത്തില്ല.