ഈ രണ്ടു ചിത്രങ്ങളിലെ വ്യത്യാസമെന്ത് ?; അതിലുണ്ട്, സ്വർണമുടിത്തിളക്കം!

Mail This Article
ശരീരഭാരം കൂടിയതുകാരണം പാരിസ് ഒളിംപിക്സിൽ മെഡൽ നഷ്ടമായ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ സങ്കടം സുഫ്ന ജാസ്മിനും ടിവിയിൽ കണ്ടതാണ്. ദേശീയ ഗെയിംസിൽ വെയ്റ്റ്‌ലിഫ്റ്റിങ് 45 കിലോഗ്രാം വിഭാഗത്തിൽ ഇന്നലെ കേരളത്തിനായി മത്സരത്തിനിറങ്ങുന്നതിനു തൊട്ടുമുൻപ് സുഫ്നയും അതേ അവസ്ഥയിലായിരുന്നു. രാവിലെ 11നു നടക്കുന്ന മത്സരത്തിന് ഒരു മണിക്കൂർ മുൻപ് ഭാരം 160 ഗ്രാം കൂടുതൽ.
എന്തു ചെയ്യുമെന്ന ആന്തലോടെ നിന്ന സുഫ്നയോടു കോച്ച് ചിത്ര ചന്ദ്രമോഹൻ പറഞ്ഞു: ‘‘മുടി മുറിക്കാം.’’ സങ്കടത്തോടെ മുറിച്ചുകളഞ്ഞ ആ 20 സെന്റിമീറ്റർ മുടിക്ക് ഒരു സ്വർണ മെഡലിന്റെ ഭാരമുണ്ടായിരുന്നു.
159 കിലോ ഉയർത്തിയ സുഫ്ന സ്വന്തമാക്കിയത് ദേശീയ ഗെയിംസ് വനിതാ വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ ഒരു മലയാളിതാരത്തിന്റെ ആദ്യ സ്വർണം. മത്സരത്തലേന്ന് ഭാരം 2 കിലോഗ്രാം കൂടുതലാണെന്നു കണ്ടതോടെ തന്നെ സുഫ്ന കഠിനവ്യായാമം ആരംഭിച്ചിരുന്നു. രാത്രി 9 മുതൽ വെള്ളം പോലും കുടിച്ചില്ല. രാവിലെ 9നു നോക്കിയപ്പോൾ 600 ഗ്രാം കൂടുതൽ.
രണ്ടാമത്തെ പരിശോധനയിൽ അതു 450 ഗ്രാമായി. പിന്നെയും കടുത്ത വ്യായാമം. 9.50ന് തൂക്കം 160 ഗ്രാം കൂടുതൽ. ഇതോടെയാണു മുടിമുറിച്ചത്. തൃശൂർ വരന്തരപ്പിള്ളി പാലപ്പിള്ളി പരവരാകത്ത് വീട്ടിൽ പി.സലിമിന്റെയും ഖദീജയുടെയും മകളാണു പി.എസ്.സുഫ്ന ജാസ്മിൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.