ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് 3 സ്വർണം കൂടി; നീന്തലിൽ സജൻ പ്രകാശ്, ഹർഷിത ജയറാം, വുഷുവിൽ മുഹമ്മദ് ജാസിൽ

Mail This Article
നീന്തൽക്കുളത്തിൽ കേരളത്തിന്റെ പൊന്നായി സജൻ പ്രകാശും ഹർഷിത ജയറാമും. ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ നിന്ന് ഇന്നലെ കേരളം മുങ്ങി നിവർന്നത് 2 സ്വർണവുമായി. പുരുഷൻമാരുടെ 200 മീ. ബട്ടർഫ്ലൈയിൽ സജൻ പ്രകാശും (2:01.40 മിനിറ്റ്), വനിതകളുടെ 50 മീ. ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ് (34.14 സെക്കൻഡ്) സുവർണ താരങ്ങളായത്. 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത കഴിഞ്ഞ ദിവസം സ്വർണം നേടിയിരുന്നു. വുഷുവിൽ മുഹമ്മദ് ജാസിലും ജേതാവായതോടെ ഇന്നലത്തെ കേരളത്തിന്റെ സ്വർണനേട്ടം മൂന്നായി.
തന്റെ പ്രിയപ്പെട്ട ഇനമായ 200 മീറ്റർ ബട്ടർഫ്ലൈയിൽ തുടക്കം മുതൽ ലീഡെടുത്ത സജൻ എതിരാളികൾക്ക് അവസരം നൽകിയില്ല. നേരത്തേ 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീ. ബട്ടർഫ്ലൈ എന്നിവയിൽ സജൻ വെങ്കലം നേടിയിരുന്നു. ഇന്നലത്തെ വിജയത്തോടെ ദേശീയ ഗെയിംസുകളിലെ സജന്റെ ആകെ സ്വർണ നേട്ടം 15 ആയി; ആകെ മെഡലുകൾ 29. 200 മീ. ബട്ടർഫ്ലൈയിൽ തുടരെ നാലാം ഗെയിംസിലാണ് സജൻ സ്വർണം നേടുന്നത്. സജന് ഇനി 2 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

കഴിഞ്ഞ ഗെയിംസിൽ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ വെങ്കലത്തിൽ ഒതുങ്ങിയതിന്റെ കടം വീട്ടിയ ഹർഷിത ജയറാം പിന്നിലാക്കിയത് ഈയിനത്തിലെ റെക്കോർഡുകാരിയും കഴിഞ്ഞ തവണത്തെ ജേതാവുമായ അരോറ ചാഹത്തിനെ. 2 ദേശീയ ഗെയിംസുകളിലായി ഹർഷിതയുടെ നാലാം സ്വർണമാണിത്. ഇനി 2 ഇനങ്ങൾ കൂടി ബാക്കിയുണ്ട്.