വുഷൂം ഡിഷ്യൂം!

Mail This Article
ഡെറാഡൂൺ ∙ ദേശീയ ഗെയിംസിലെ വുഷു വേദിയിൽ കേരളത്തിന് സ്വർണ ചരിത്രം. പുരുഷൻമാരുടെ വുഷു തൗലോ നാങ്കുൻ വിഭാഗത്തിൽ കെ. മുഹമ്മദ് ജാസിലാണ് (8.35 പോയിന്റ്) സ്വർണം നേടിയത്. ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണു വുഷുവിൽ കേരളം സ്വർണം നേടുന്നത്. കഴിഞ്ഞ ഗെയിംസിൽ വുഷുവിൽ 2 വെങ്കലമായിരുന്നു കേരളത്തിന്റെ നേട്ടം.
മലപ്പുറം പെരിന്തൽമണ്ണ ചെറുകര കുപ്പൂത്ത് വീട്ടിൽ മാർഷ്യൽ ആർട്സ് പരിശീലകനായ മുഹമ്മദ് അലിയുടെയും യോഗ ട്രെയിനർ സാജിതയുടെയും മകനാണു ജാസിൽ (19). പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥി. പിതാവ് മുഹമ്മദ് അലിക്കൊപ്പം മൂന്നാം വയസ്സു മുതൽ ആയോധന കലകൾ പരിശീലിക്കാൻ തുടങ്ങിയതാണു ജാസിൽ. കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റായ ജാസിൽ കളരി, യോഗ, കിക്ക് ബോക്സിങ്, പെൻകാക്ക് സിലാട്ട് എന്നിവയും അഭ്യസിച്ചു. സഹോദരി ഫാത്തിമ വുഷു സംസ്ഥാന ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. കേരള വുഷു ടീമിന്റെ പരിശീലനം രണ്ടാഴ്ച മുൻപു തന്നെ ഡെറാഡൂണിലേക്കു മാറ്റിയത് ഏറെ ഗുണം ചെയ്തുവെന്ന് മുഹമ്മദ് ജാസിൽ പറഞ്ഞു.
എന്താണ് വുഷു?
പരമ്പരാഗതമായ ചൈനീസ് ആയോധന കലയായ വുഷു, കുങ്ഫുവിന്റെ വകഭേദമാണ്. എതിരാളിയെ കൈ കൊണ്ടും കാൽ കൊണ്ടും ആക്രമിക്കാം. ഇതിലൂടെയുള്ള പോയിന്റുകളാണു വിജയികളെ നിശ്ചയിക്കുന്നത്. വുഷുവിൽ പലതരത്തിലുള്ള മത്സര വിഭാഗങ്ങളുണ്ട്. തൗലോ എന്ന വിഭാഗം ഒറ്റയ്ക്കുള്ള അഭ്യാസ പ്രകടനമാണ്. വടി ഉപയോഗിച്ചുള്ള പ്രകടനമാണ് തൗലോ നാങ്കുൻ