ഗോൾഡൻ സ്മാഷ് ! വോളിബോളിൽ വനിതകൾക്ക് സ്വർണം, പുരുഷ ടീമിന് വെള്ളി

Mail This Article
രുദ്രാപ്പുരിൽ കേരള വോളിബോളിന്റെ രൗദ്രഭാവം; ദേശീയ ഗെയിംസ് വോളിബോളിൽ വനിതകളിൽ സ്വർണവും പുരുഷൻമാരിൽ വെള്ളിയും കേരളം നേടി. ആവേശമുയർത്തിയ പോരാട്ടത്തിൽ വനിതകളിൽ തമിഴ്നാടിനെയാണു രണ്ടിനെതിരെ 3 സെറ്റുകൾക്കു കേരളം തോൽപിച്ചത് (25–19, 22–25, 22–25, 25–14, 15–7). കേരള പുരുഷ ടീം ഫൈനലിൽ സർവീസസിനോടു പൊരുതി തോറ്റു (20–25, 22–25, 25–19, 26–28).
വനിതകളുടെ ബാസ്കറ്റ്ബോളിൽ (5x5) നിലവിലെ ചാംപ്യൻമാരായ കേരളം ഫൈനലിൽ തമിഴ്നാടിനോടു പരാജയപ്പെട്ടു (46–79) വെള്ളിയിലൊതുങ്ങി. 81 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ അഞ്ജന ശ്രീജിത് (196 കിലോ) വെങ്കലം നേടി. 50 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ സജൻ പ്രകാശ് മത്സരിച്ചിരുന്നെങ്കിലും നാലാമതായി. സെക്കൻഡിന്റെ നൂറിലൊരംശത്തിനാണു സജനു വെങ്കല മെഡൽ നഷ്ടമായത്.
സ്വർണ വോളി
വനിതാ വോളിബോൾ ഫൈനലിൽ മൂന്നു സെറ്റുകൾ കഴിഞ്ഞപ്പോൾ തമിഴ്നാട് 2–1നു മുന്നിൽ. എന്നാൽ വിട്ടു കൊടുക്കാൻ കേരളം തയാറല്ലായിരുന്നു. പിന്നീടുള്ള 2 സെറ്റുകളും മികച്ച വ്യത്യാസത്തിൽ തന്നെ നേടിയാണു കേരള വനിതകൾ സ്വർണമണിഞ്ഞത്. കേരളത്തിനു വേണ്ടി ക്യാപ്റ്റൻ ജി. അഞ്ജുമോൾ, കെ.പി. അനുശ്രീ, കെ.എസ്. ജിനി, അനഘ, ജിൻസി ജോൺസൺ എന്നിവർ മികച്ച പ്രകടനം നടത്തി. ദേശീയ ഗെയിംസിൽ കേരള വനിതകളുടെ തുടർച്ചയായ രണ്ടാം സ്വർണ നേട്ടമാണിത്. സി.എസ്. സദാനന്ദനാണ് ടീമിന്റെ പരിശീലകൻ.

പുരുഷ വിഭാഗത്തിൽ ആദ്യ രണ്ടു സെറ്റുകൾ നഷ്ടപ്പെട്ട ശേഷമാണു കേരളം മത്സരത്തിലേക്കു തിരിച്ചു വന്നത്. മൂന്നാം സെറ്റ് കേരളം നേടിയതോടെ പോരാട്ടം കനത്തു. കടുത്ത പോരാട്ടം നടന്ന നാലാം സെറ്റിന്റെ അവസാന നിമിഷം സെർവിൽ വന്ന പിഴവ് കേരളത്തിനു വിനയായി. ലീഡെടുത്ത സർവീസസ് 28–26ന് സെറ്റും സ്വർണവും സ്വന്തമാക്കി. 8 പോയിന്റാണ് സെർവുകളിലെ പിഴവിലൂടെ മാത്രം മത്സരത്തിൽ കേരളം നഷ്ടപ്പെടുത്തിയത്.

ബാസ്കറ്റിൽ പിഴച്ചു
ബാസ്കറ്റ്ബോൾ സെമിയിൽ കർണാടകയ്ക്കെതിരെ തകർപ്പൻ പോരാട്ടം നടത്തിയ കേരളത്തിനു ഫൈനലിൽ പിഴച്ചു. ശനിയാഴ്ച വൈകിട്ടു നടന്ന സെമിഫൈനലിനുശേഷം മതിയായ വിശ്രമമില്ലാതെയാണു ഇന്നലെ രാവിലെ കേരളം ഫൈനലിനിറങ്ങിയത്. ഈ ക്ഷീണം കേരളത്തെ ബാധിച്ചു. സെമിയിൽ മികച്ച പ്രകടനം നടത്തിയ ശ്രീകല, പി.എസ്. ജീന ഉൾപ്പെടെയുള്ളവർ ഫൈനലിൽ നിറംമങ്ങി.
വയനാടിന്റെ ലിഫ്റ്റർ
വയനാട് കൽപറ്റ തെക്കുംതറ തയ്യിൽ ഹൗസിൽ ടി.പി. ശ്രീജിത്തിന്റെയും കവിതയുടെയും മകളാണ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ 81 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ അഞ്ജന. റെയിൽവേ ജീവനക്കാരിയാണ്. സ്നാച്ചിൽ 85 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോയും ഉയർത്തിയാണ് അഞ്ജനയുടെ വെങ്കല നേട്ടം.

കഴിഞ്ഞ ദേശീയ ഗെയിംസിൽ 76 കിലോ വിഭാഗം വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ അഞ്ജനയ്ക്കു നാലാം സ്ഥാനമായിരുന്നു. എന്നാൽ മൂന്നാം സ്ഥാനക്കാരി അയോഗ്യയായതോടെ ഇതു വെങ്കല മെഡലായി.
2023 കോമൺവെൽത്ത് വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണവും ഏഷ്യൻ വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ വെങ്കലവും അഞ്ജന നേടിയിട്ടുണ്ട്.