ഖേലോ ഇന്ത്യ രാജ്യത്തിന്റെ കായിക സ്വപ്നങ്ങളുടെ അടിത്തറ: കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ

Mail This Article
ന്യൂഡൽഹി ∙ ആഗോള തലത്തിൽ കരുത്തുറ്റ കായിക രാഷ്ട്രമാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് അടിത്തറ പാകുന്ന പദ്ധതിയാണു ഖേലോ ഇന്ത്യ എന്ന് കേന്ദ്ര യുവജനകാര്യ, കായികമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ.
2018ൽ ആരംഭിച്ച ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ് രാജ്യത്തു വലിയ കായിക മുന്നേറ്റമാണു സൃഷ്ടിച്ചത്. ഗെയിംസിന്റെ 16 പതിപ്പുകളിലായി ഒട്ടേറെ കായികതാരങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞു. ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽനിന്ന് സർവകലാശാല ഗെയിംസിലേക്കു വന്ന് ഒടുവിൽ പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കല മെഡൽ ജേതാവായി മാറിയ ഷൂട്ടിങ് താരം മനു ഭാക്കർ ഖേലോ ഇന്ത്യ പദ്ധതി വഴി ഉയർന്നുവന്ന താരങ്ങളിലൊരാളാണ്.
2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കുകയും ആദ്യ 10 സ്ഥാനക്കാരിൽ ഒന്നാവുകയും ചെയ്യുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിനും ഖേലോ ഇന്ത്യ വലിയ പിന്തുണയാണു നൽകുന്നത്. ഭാവി ഒളിംപ്യന്മാരെ കണ്ടെത്താനുള്ള പദ്ധതിയായി ഇതു മാറിയെന്നും മാണ്ഡവ്യ വ്യക്തമാക്കി.