കേരളത്തിന് എട്ടാം സ്വർണം; 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ഹർഷിത ഒന്നാമത്, ഹാട്രിക്

Mail This Article
ഡെറാഡൂൺ∙ ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ ഹർഷിത ജയറാമിനു മൂന്നാം സ്വർണം. 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് ഹർഷിത ഒന്നാമതെത്തിയത്. ഗെയിംസിൽ കേരളത്തിന്റെ എട്ടാം സ്വർണമാണിത്. നേരത്തേ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിലും ഹർഷിത സ്വർണം വിജയിച്ചിരുന്നു.
ഇതോടെ മെഡൽ പട്ടികയിൽ കേരളം ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. എട്ട് സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമാണ് കേരളം ഇതുവരെ നേടിയത്. ചൊവ്വാഴ്ച വനിതാ വിഭാഗം വാട്ടർപോളോയിലും കേരളം സ്വർണം നേടിയിരുന്നു. വനിതാ വിഭാഗം ഫൈനലിൽ കേരളം മഹാരാഷ്ട്രയെ തോൽപിച്ചു. 11–7നാണ് കേരളത്തിന്റെ വിജയം. പുരുഷ വാട്ടർ പോളോയിൽ ബംഗാളിനെ കീഴടക്കി കേരളം വെങ്കലം നേടിയിട്ടുണ്ട്.
ബാസ്കറ്റ് ബോളിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കേരളത്തിനു വെള്ളിയുണ്ട്. പുരുഷ വിഭാഗത്തിൽ മധ്യപ്രദേശിനെതിരായ വാശിയേറിയ പോരാട്ടത്തിൽ ‘സഡൻ ഡെത്തിലാണ്’ കേരളം തോൽവി സമ്മതിച്ചത്. മധ്യപ്രദേശും കേരളവും 20–20 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു. വനിതാ വിഭാഗത്തിൽ കരുത്തരായ തെലങ്കാനയ്ക്കെതിരെയായിരുന്നു കേരളത്തിന്റെ തോൽവി.
