പ്രഗ്നാനന്ദയുടെ വിജയം ടൈബ്രേക്കറിലെ സഡൻ ഡെത്തിൽ, അവസാന നീക്കം വരെ ത്രില്ലർ; ഒടുവിൽ ഗുകേഷ് വീണു

Mail This Article
വൈക് ആൻ സീ (നെതർലൻഡ്സ്) ∙ കറുപ്പിലും വെളുപ്പിലും നിലയുറപ്പിക്കാതെ കളങ്ങൾ മാറിമാറി നീങ്ങുകയായിരുന്നു ഇന്നലെ ഇന്ത്യൻ ചെസ് ആരാധകരുടെ മനസ്സ്. നെതർലൻഡ്സിലെ വൈക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസിൽ ചാംപ്യനെ നിർണയിക്കാനുള്ള ടൈബ്രേക്കറിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ ഡി.ഗുകേഷും പ്രഗ്നാനന്ദയും മത്സരിക്കുന്നു.
ഒരാൾ നിലവിലെ ലോകചാംപ്യൻ, മറ്റൊരാൾ അതിനും മുൻപേ ലോക ചെസ് വേദികളിൽ ചലനം സൃഷ്ടിച്ചയാൾ. സഡൻ ഡെത്ത് വരെ നീണ്ട മത്സരത്തിൽ ഒടുവിൽ വിജയം പ്രായത്തിൽ മുതിർന്ന പ്രഗ്നാനന്ദയ്ക്കൊപ്പം നിന്നു. കരുനീക്കങ്ങളുടെ കനം വിട്ട് ഇരുവരും കൈകൊടുത്തു പിരിഞ്ഞതോടെ നേരിട്ടും ഓൺലൈനിലുമായി കളിയിലേക്കു കണ്ണുനട്ടിരുന്നവർ ലോകചെസിലെ ഇന്ത്യൻ അശ്വമേധത്തിനു കയ്യടിച്ചു.
ത്രില്ലർ, അവസാനനീക്കം വരെ
ലോക ചെസിലെ മുൻനിരക്കാരായ 14 താരങ്ങൾ പങ്കെടുത്ത ടൂർണമെന്റിന്റെ 12–ാം റൗണ്ട് പൂർത്തിയാകുമ്പോൾ പതിനെട്ടുകാരൻ ഗുകേഷും പത്തൊമ്പതുകാരൻ പ്രഗ്നാനന്ദയും 8.5 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുല്യതയിലായിരുന്നു. അവസാന റൗണ്ടിനു ‘ഫൈനൽ’ഫീൽ. അവസാന റൗണ്ടിൽ ആദ്യം ഇറങ്ങിയ ഗുകേഷ് ഇന്ത്യൻ താരം തന്നെയായ അർജുൻ എരിഗെയ്സിയോടു പരാജയപ്പെട്ടതോടെ പ്രഗ്ഗയ്ക്ക് സുവർണാവസരം.
എന്നാൽ അതു മുതലെടുക്കാൻ പ്രഗ്ഗയ്ക്കുമായില്ല. ലോക ചാംപ്യൻഷിപ്പിൽ ഗുകേഷിന്റെ സപ്പോർട്ടിങ് ടീമിലുണ്ടായിരുന്ന (സെക്കൻഡ്സ്) ജർമൻ താരം വിൻസന്റ് കെയ്മറോടു തോൽവി. അതോടെ മത്സരം ബ്ലിറ്റ്സ് ഫോർമാറ്റിലുള്ള ടൈബ്രേക്കറിലേക്ക്. ലോക ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെതിരെ പ്രദർശിപ്പിച്ച അതേ വിജയതൃഷ്ണയോടെയാണ് ആദ്യ ഗെയിമിൽ വെള്ളക്കരുക്കളുമായി ഗുകേഷ് കളിച്ചത്. സമനിലയിലേക്കു നീങ്ങാൻ പ്രഗ്ഗയ്ക്കു മുന്നിൽ സാധ്യതകളുണ്ടായിരുന്നെങ്കിലും റൂക്കിനെ നഷ്ടപ്പെടുത്തിയ ഒരു അബദ്ധത്തിൽ അതു പൊലിഞ്ഞു. ഗുകേഷിനു വിജയം. ജയം അനിവാര്യമായ രണ്ടാം ഗെയിമിൽ പ്രഗ്ഗ അവലംബിച്ചത് ആക്രമണോൽസുകമായ ട്രോംപോവ്സ്കി ഓപ്പണിങ്. പ്രഗ്ഗ റിസ്കി ഗെയിം കളിച്ചതോടെ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷിന് ഇടയ്ക്ക് മുൻതൂക്കം കിട്ടിയെങ്കിലും മുതലെടുക്കാനായില്ല. ഭാഗ്യം ധീരൻമാരെ തുണയ്ക്കുന്നു എന്ന ചൊല്ലിനെ അന്വർഥമാക്കി പ്രഗ്ഗയ്ക്കു ജയം. സ്കോർ 1–1.

വെള്ളക്കരുക്കൾക്കു രണ്ടര മിനിറ്റും കറുപ്പ് കരുക്കൾക്കു മൂന്നു മിനിറ്റും സമയനിയന്ത്രണം ഉണ്ടായിരുന്ന സഡൻ ഡെത്തിലും ഗുകേഷ് ഇടയ്ക്കു മുൻതൂക്കം നേടിയെങ്കിലും പ്രഗ്ഗ വിട്ടുകൊടുത്തില്ല. ദ്രുതഗതിയിലുള്ള നീക്കങ്ങൾക്കൊടുവിൽ മനസ്സാന്നിധ്യം കൈവിട്ട ഗുകേഷ് ആദ്യം ഒരു കാലാളിനെയും പിന്നെ രണ്ടാം നൈറ്റിനെയും നഷ്ടപ്പെടുത്തി. തന്റെ സാങ്കേതികത്തികവ് പൂർണമായും ഉപയോഗപ്പെടുത്തി പ്രഗ്ഗ വിജയമുറപ്പിച്ചതോടെ ഗുകേഷ് നിരാശയോടെ കസേരയിൽ നിന്ന് പിന്നിലേക്കാഞ്ഞു. തുടരെ രണ്ടാം വർഷമാണ് ഈ ടൂർണമെന്റിൽ ഗുകേഷ് ടൈബ്രേക്കറിൽ തോൽക്കുന്നത്. കഴിഞ്ഞ വർഷം ചൈനീസ് താരം വെയ് യിയോടായിരുന്നു പരാജയം. ഉസ്ബെക്കിസ്ഥാൻ താരം നോഡിബ്രെക് അബ്ദുസത്തറോവിനാണ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം.
ലോക ചെസിലെ വിമ്പിൾഡൻ
ഡച്ച് ഗ്രാമമായ വൈക് ആൻ സീയിൽ നടക്കുന്ന വാർഷിക ചെസ് ചാംപ്യൻഷിപ്പ് ‘ലോക ചെസിലെ വിമ്പിൾഡൻ’ എന്നാണ് അറിയപ്പെടുന്നത്. 1938ൽ തുടങ്ങിയ ടൂർണമെന്റ് 2011 മുതലാണ് സ്പോണർസർമാരായ ടാറ്റ സ്റ്റീലിന്റെ പേരുകൂടി ചേർത്ത് അറിയപ്പെട്ടു തുടങ്ങിയത്. മാസ്റ്റേഴ്സ്, ചാലഞ്ചർ എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. ലോക ചെസിലെ 14 മുൻനിര ഗ്രാൻഡ് മാസ്റ്റർമാരാണ് ഇത്തവണ മാസ്റ്റേഴ്സ് വിഭാഗത്തിൽ മത്സരിച്ചത്. യുഎസിന്റെ ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയായിരുന്നു ഉയർന്ന റേറ്റിങ്ങുള്ള താരം.
നോർവേയുടെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ ഇത്തവണ മത്സരിച്ചില്ല. 8 തവണ ഇവിടെ ചാംപ്യനായിട്ടുള്ള കാൾസനാണ് കിരീടനേട്ടത്തിൽ റെക്കോർഡ്.
അർജുൻ എന്നെ രക്ഷിച്ചു...
എന്താണു സംഭവിച്ചതെന്ന് എനിക്കു തന്നെ അറിയില്ല. എങ്ങനെയാണ് ജയിച്ചതെന്നും. ചെസ് ബോർഡിനു മുന്നിൽ ഞാൻ ഏറ്റവും സമ്മർദം അനുഭവിച്ച ദിവസമായിരുന്നു ഇത്. അവസാന റൗണ്ടിൽ ഗുകേഷിനെ തോൽപിച്ച് ചാംപ്യൻ പോരാട്ടം ടൈബ്രേക്കറിലേക്കു നീട്ടിയ അർജുന് ഒരു ട്രീറ്റ് നൽകാനാണ് എനിക്കു തോന്നുന്നത്..– ആർ.പ്രഗ്നാനന്ദ