സബാഷ് സജൻ, അദ്വൈത് ! ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ 2 വെള്ളി

Mail This Article
ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിനു 2 വെള്ളി മെഡൽ കൂടി. സൈക്ലിങ്ങിലെ 15 കിലോമീറ്റർ സ്ക്രാച്ച് റേസിൽ എസ്.എസ്. അദ്വൈത് ശങ്കറും പുരുഷൻമാരുടെ 200 മീറ്റർ മെഡ്‌ലെ നീന്തലിൽ സജൻ പ്രകാശും (2:18.17 മിനിറ്റ്) വെള്ളി മെഡൽ നേടി. ഈ ദേശീയ ഗെയിംസിൽ സജൻ നേടുന്ന നാലാം മെഡലാണിത്. 200 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിൽ വെങ്കലവും സജൻ നേടിയിരുന്നു. ഇതോടെ, ദേശീയ ഗെയിംസുകളിലെ സജന്റെ ആകെ മെഡൽ നേട്ടം മുപ്പതായി. ഫൗൾ സ്റ്റാർട്ടിനെത്തുടർന്ന് 4x100 മീറ്റർ ഫ്രീസ്റ്റൈൽ മിക്സ്ഡ് റിലേയിൽ സജൻ ഉൾപ്പെട്ട കേരള ടീം ഫൈനലിൽ അയോഗ്യരായി.
സൈക്കിൾ യജ്ഞം
രുദ്രാപ്പുരിലെ വെലോഡ്രോമിൽ കേരളത്തിന്റെ സൈക്കിൾ യജ്ഞം. 15 കിലോമീറ്റർ സ്ക്രാച്ച് റേസിങ്ങിൽ വെള്ളി നേടിയ അദ്വൈത് ശങ്കർ തിരുവനന്തപുരം ചന്തവിള വടക്കേക്കുന്നത്ത് വീട്ടിൽ വി. ശങ്കരന്റെയും ശ്രീകലയുടെയും മകനാണ്. തിരുവനന്തപുരം ലോ കോളജിലെ അവസാന വർഷ എൽഎൽബി വിദ്യാർഥി. പത്താം ക്ലാസ് മുതൽ തിരുവനന്തപുരം സായിലാണു പരിശീലനം. 21–ാം പിറന്നാളിനു പിറ്റേന്നാണ് അദ്വൈതിന്റെ മെഡൽ നേട്ടം.
സ്വർണനിധി
ധിനിധി ദേസിങ്കുവിനു രണ്ടാം മീറ്റ് റെക്കോർഡ്, ഏഴാം സ്വർണം. കർണാടക താരവും പാതി മലയാളിയുമായ ധിനിധി ദേസിങ്കുവിനു വനിതകളുടെ 400 മീ ഫ്രീസ്റ്റൈൽ നീന്തലിൽ പുതിയ മീറ്റ് റെക്കോർഡോടെ (4:24.60 മിനിറ്റ്) സ്വർണം. കഴിഞ്ഞ ദേശീയ ഗെയിംസിൽ ഡൽഹിയുടെ ഭവ്യ സച്ദേവ കുറിച്ച റെക്കോർഡാണ് (4:27.93 മിനിറ്റ്) തകർത്തത്. ഭവ്യയ്ക്കാണു വെള്ളി.4x100 മീ ഫ്രീസ്റ്റൈൽ മിക്സ്ഡ് റിലേയിൽ സ്വർണം നേടിയ കർണാടക ടീമിലും ധിനിധിയുണ്ട്. ഇതോടെ ഈ ഗെയിംസിലെ ധിനിധിയുടെ സ്വർണ നേട്ടം ഏഴായി. വനിതകളുടെ 50 മീ ഫ്രീസ്റ്റൈൽ, 200 മീ ഫ്രീസ്റ്റൈൽ, 100 മീ ബട്ടർഫ്ലൈ, 4x100 മീ ഫ്രീസ്റ്റൈൽ റിലേ, 4x200 മീ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ ധിനിധി നേരത്തേ സ്വർണം നേടിയിരുന്നു.