വളർത്തുനായയ്ക്ക് തുള്ളി മരുന്നു നൽകി; ബൽജിയൻ താരത്തിന് ഒളിംപിക്സിൽ അയോഗ്യത!

Mail This Article
ബ്രസൽസ് ∙ രോഗബാധിതനായ വളർത്തുനായയ്ക്ക് കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് നൽകി എന്ന ‘തെറ്റു മാത്രമേ’ ബൽജിയൻ അശ്വാഭ്യാസ താരം ഡൊമിയൻ മിഹീൽ ചെയ്തുള്ളൂ. പക്ഷേ, ആ തുള്ളിമരുന്ന് തന്റെ കരിയറിനു തന്നെ തിരിച്ചടിയാകുമെന്ന് അദ്ദേഹം അറിഞ്ഞില്ല. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ മിഹീലിന് രാജ്യാന്തര ഉത്തേജക പരിശോധനാ ഏജൻസിയുടെ പിടിവീണു.
ഇതോടെ പാരിസ് ഒളിംപികിസിലെ ഡ്രസാഷ് മത്സരയിനത്തിൽ മിഹീലിന്റെ പ്രകടനത്തിന് അയോഗ്യതയും വന്നു. ഡോർസോലാമൈഡ് എന്ന രാസവസ്തു അടങ്ങിയ മരുന്നാണ് മിഹീൽ ഉപയോഗിച്ചത്. ഈ മരുന്ന് കായികതാരങ്ങൾ നേരിട്ട് കണ്ണിൽ ഉപയോഗിക്കുന്നതിനു പ്രശ്നമില്ല. എന്നാൽ ഇത് വായയിലൂടെ കഴിക്കുകയോ കയ്യിലോ ശരീരത്തിലോ പുരട്ടുകയോ ചെയ്താൽ അത് ഉത്തേജക പരിശോധനയിൽ പിടിക്കപ്പെടും.
തന്റെ വളർത്തുനായയുടെ കണ്ണിൽ മരുന്ന് ഒഴിക്കുന്നതിനിടെ സ്വന്തം ശരീരത്തിലായതാണ് മിഹീലിന് തിരിച്ചടിയായത്. എന്നാൽ മനഃപൂർവമല്ല ഈ മരുന്ന് ഉപയോഗിച്ചതെന്നതിനാൽ മിഹീലിന് മത്സരവിലക്ക് ഉണ്ടാകില്ല. പകരം പാരിസ് ഒളിംപിക്സിലെ വ്യക്തിഗത മത്സരയിനത്തിൽ അയോഗ്യത നേരിടേണ്ടിവരും. ഉത്തേജക പരിശോധന ഏജൻസിയുടെ വിധി അംഗീകരിക്കുന്നതായി നാൽപത്തിയൊന്നുകാരൻ താരം പറഞ്ഞു.