ഹർഷിതയ്ക്ക് ട്രിപ്പിൾ സന്തോഷം

Mail This Article
നീന്തലിൽ 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടി (1:14.34 മിനിറ്റ്) കേരളത്തിന്റെ ഹർഷിത ജയറാം ഈ ഗെയിംസിൽ ട്രിപ്പിൾ സ്വർണം തികച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന തൃശൂർ മതിലകം സ്വദേശി ഹർഷിത നേരത്തേ 50 മീറ്റർ, 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്ക് വിഭാഗങ്ങളിൽ സ്വർണം നേടിയിരുന്നു. 2 ദേശീയ ഗെയിംസുകളിലായി ആറാം മെഡലാണിത്. അതിൽ 5 സ്വർണം. ബെംഗളൂരു ഗ്ലോബൽ സ്വിം സെന്ററിൽ കണ്ണൂർ സ്വദേശിയായ കോച്ച് എ.സി. ജയരാജിനു കീഴിലാണു ഹർഷിതയുടെ പരിശീലനം.
ധിനിധി 11; ശ്രീഹരി 10
ഹൽദ്വാനി ∙ ദേശീയ ഗെയിംസ് നീന്തലിൽ ‘ഷൈനിങ് സ്റ്റാർസ്’ ആയി കർണാടകയുടെ ശ്രീഹരി നടരാജും പാതി മലയാളിയായ ധിനിധി ദേശിങ്കുവും. തമിഴ്നാട് സ്വദേശിയായ ശ്രീഹരി 9 സ്വർണമുൾപ്പെടെ 10 മെഡലുകളും ധിനിധി 9 സ്വർണമുൾപ്പെടെ 11 മെഡലുകളുമാണു നേടിയത്. കോഴിക്കോട് സ്വദേശി വി. ജസിതയുടെയും തമിഴ്നാട് വെല്ലൂർ സ്വദേശി പി.എസ്. ദേസിങ്കുവിന്റെയും മകളാണു ധിനിധി.

ബാസ്കറ്റിൽ ഇരട്ടവെള്ളി
ബാസ്കറ്റ്ബോളിൽ (3x3) കേരളത്തിന്റെ പുരുഷ, വനിത ടീമുകൾ വെള്ളി നേടി. പുരുഷ വിഭാഗം ബാസ്കറ്റ്ബോൾ (3x3) ഫൈനലിൽ മത്സരം തീരാൻ രണ്ടര മിനിറ്റ് ശേഷിക്കെ മധ്യപ്രദേശിനെതിരെ 20–12 എന്ന സ്കോറിനു മുന്നിലായിരുന്നു കേരളം. എന്നാൽ പിന്നീട് കേരളത്തിനു പോയിന്റ് നേടാനായില്ല. ഉണർന്നു കളിച്ച മധ്യപ്രദേശ് നിശ്ചിത സമയത്തിനുള്ളിൽ 8 പോയിന്റുകൾ കൂടി നേടി സമനില പിടിച്ചു. അധിക സമയത്തേക്കു നീണ്ട മത്സരത്തിൽ കേരളത്തിനു പരാജയം (20–22). വനിതകളിൽ ശക്തരായ തെലങ്കാനയോടായിരുന്നു കേരളത്തിന്റെ ഫൈനൽ തോൽവി (21–11).
ദേശീയ ഗെയിംസ് മെഡൽ നില (ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ)
1. കർണാടക 28 12 13 53
2. സർവീസസ് 21 10 9 40
3. മഹാരാഷ്ട്ര 16 33 27 76
4. തമിഴ്നാട് 11 16 16 43
5. മണിപ്പുർ 11 10 5 26
7. കേരളം 8 7 5 20

