വാട്ടർ ഗോൾഡ്; വനിതകളുടെ വാട്ടർ പോളോയിൽ കേരളത്തിനു സ്വർണം, പുരുഷ വിഭാഗത്തിൽ വെങ്കലം

Mail This Article
ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ കേരള വനിതകൾ ആവേശത്തിന്റെ അലയൊലി തീർത്തപ്പോൾ തുടർച്ചയായ രണ്ടാം തവണയും കേരളത്തിനു വനിതകളുടെ വാട്ടർപോളോയിൽ സ്വർണം. ഫൈനലിൽ മഹാരാഷ്ട്രയെയാണു തോൽപ്പിച്ചത് (11–7). കഴിഞ്ഞ തവണ മെഡൽ ഇല്ലാതിരുന്ന കേരള പുരുഷൻമാർ ഇത്തവണ വെങ്കലം നേടി. മൂന്നാം സ്ഥാന മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ബംഗാളിനെയാണു തോൽപ്പിച്ചത് (15–14).

പല വർണങ്ങളിലുള്ള ഡയമണ്ട് കട്ടോടു കൂടിയ സ്വിം സ്യൂട്ടണിഞ്ഞു കേരള വനിതകൾ ഇറങ്ങിയപ്പോൾ തന്നെ ഹൽദ്വാനിയിലെ നീന്തൽക്കുളം ആവേശത്തിന്റെ മൂഡിലായിരുന്നു. ഫൈനൽ വരെ ഒരു തോൽവിയുമറിയാത്ത രാജകീയ വരവ്. മഹാരാഷ്ട്രയ്ക്കു വേണ്ടി കയ്യടിക്കാൻ ഗാലറിയിൽ ആളേറെയായിരുന്നെങ്കിലും വെള്ളത്തിലെ പന്തുകളിയിൽ കേരള വനിതകളെ തോൽപ്പിക്കാൻ അതിനു ശക്തി പോരായിരുന്നു. തുടക്കം മുതൽ എതിർ ഗോൾപോസ്റ്റിലേക്കു കേരളം നീന്തിക്കയറി. ആദ്യ ക്വാർട്ടർ അവസാനിച്ചപ്പോൾ എതിരില്ലാത്ത
3 ഗോളുകൾക്കു മുന്നിൽ. പിന്നീട് ലീഡുയർത്തി. അവസാന സമയത്തു മാത്രമാണ് അൽപമെങ്കിലും വിട്ടുകൊടുത്തത്. അപ്പോഴേക്കും കേരളം പൊന്നണിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് കണ്ടതു ഹൽദ്വാനിയിലെ സ്വിമ്മിങ്പൂളിൽ വേലിയേറ്റം തീർത്ത കേരളത്തിന്റെ ആഘോഷ നൃത്തം.
പിരപ്പൻകോട് പി.ഒ
കേരളത്തിന്റെ നീന്തൽ ഗ്രാമമായ തിരുവനന്തപുരം പിരപ്പൻകോടിലെ നീന്തൽ ക്ലബ്ബുകളിൽ പരിശീലനം നടത്തുന്നവരാണു കേരള വനിത ടീമിൽ ഏറെയും. എസ്.എം. മധുരിമ, ആ.ആർ.കൃപ (3 വീതം) എസ്. വർഷ, വി.എസ്. സുരഭി, അഞ്ജലി കൃഷ്ണ, എൻ.എസ്. അമിത എന്നിവർ കേരളത്തിനു വേണ്ടി ഗോൾ നേടി. ഗെയിംസിനായി മികച്ച രീതിയിൽ തയാറെടുക്കാൻ കഴിഞ്ഞതു വിജയമായെന്നു കോച്ച് പി.എസ്. വിനോദ് പറഞ്ഞു. പുരുഷ വിഭാഗം വെങ്കലമെഡൽ മത്സരത്തിൽ ബംഗാളിനെതിരെ
3–5നു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് കേരളം ജയത്തിലെത്തിയത്. ഫൈനലിൽ മഹാരാഷ്ട്രയെ 10–9നു തോൽപിച്ചു സ്വർണം നേടിയ സർവീസസ് ടീമിലെ 13 പേരിൽ ഏഴും മലയാളികളാണ്. വ്യോമസേനയിലെ എസ്. മനോജ്, സിബിൻ വർഗീസ്, എം. മോൻജിത് മോഹൻ, ലാൽ കൃഷ്ണ, ജി.കെ. പ്രവീൺ, നാവിക സേനയിലെ ജി.എസ്. അനന്തു, എം.എസ്. ആനന്ദ് എന്നിവരാണിവർ.