ദേശീയ ഗെയിംസ് തയ്ക്വാൻഡോയിൽ കേരളത്തിന്റെ ലയ ഫാത്തിമയ്ക്ക് വെങ്കലം; തൽക്കാലം തയ്ക്വാൻഡോ!

Mail This Article
ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് തയ്ക്വാൻഡോയിലെ വെങ്കലത്തിന്റെ ആശ്വാസം. വനിതാ വിഭാഗം വ്യക്തിഗത പൂംസെ ഇനത്തിൽ ലയ ഫാത്തിമയാണു വെങ്കലം നേടിയത് (8.033 പോയിന്റ്). കഴിഞ്ഞ ഗെയിംസിൽ ലയയ്ക്ക് വെള്ളി മെഡലായിരുന്നു. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് സ്വദേശി അബു സാദിക്കിന്റെയും കെ. രസ്നയുടെയും മകളാണ് ലയ.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബിഎ വിദ്യാർഥിനിയാണ്. സഹോദരി സെബ തയ്ക്വാൻഡോ പൂംസെ ഗ്രൂപ്പ് ഇനത്തിൽ മത്സരിക്കുന്നുണ്ട്. തയ്ക്വാൻഡോയിലെ അഭ്യാസ പ്രകടന മികവാണു പൂംസെ ഇനത്തിൽ വിലയിരുത്തുന്നത്. സ്വയം പ്രതിരോധ മുറകളിലൂന്നിയുള്ള അഭ്യാസങ്ങളാണു ലയ മത്സരവേദിയിൽ പ്രദർശിപ്പിച്ചത്.
∙ അക്രഡിറ്റേഷൻ ഇല്ല; വേദിയിൽ പ്രതിഷേധം
തയ്ക്വാൻഡോ വേദിയിൽ പരിശീലകർക്ക് അക്രഡിറ്റേഷൻ നൽകാത്തതിനെ ചൊല്ലി കേരളമുൾപ്പെടെയുള്ള ടീമുകളുടെ പ്രതിഷേധം. ‘നോ കോച്ച്, നോ ഗെയിം’ എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചാണു കേരളത്തിന്റെ തയ്ക്വാൻഡോ താരങ്ങളും പരിശീലകരും ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിനു മുന്നിൽ പ്രതിഷേധിച്ചത്.
പരിശീലകരില്ലാതെ തയ്ക്വാൻഡോയിൽ താരങ്ങൾക്കു മത്സരിക്കാനാകില്ലെന്നാണു നിയമം. കേരളത്തിനു പുറമേ ആതിഥേയരായ ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ പരിശീലകർക്കും സമാന പ്രശ്നങ്ങളുണ്ടായിരുന്നു. പൂംസെ ഇനത്തിൽ ലയ ഫാത്തിമ മത്സരിക്കുമ്പോൾ യഥാർഥ പരിശീലകനു പകരം അക്രഡിറ്റേഷനുള്ള അസോസിയേഷൻ സെക്രട്ടറി വി. രതീഷാണു പരിശീലകസ്ഥാനത്തുണ്ടായിരുന്നത്.
∙ അത്‌ലറ്റിക്സ് ടീം എത്തി
ദേശീയ ഗെയിംസിലെ അത്‌ലറ്റിക്സ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കേരള ടീം ഡെറാഡൂണിലെത്തി. 27 വനിതകളും 25 പുരുഷൻമാരുമുൾപ്പെടെ 52 അംഗ അത്‌ലറ്റിക്സ് സംഘമാണു ഗെയിംസിൽ മത്സരത്തിനിറങ്ങുന്നത്. 13 അംഗ ഒഫിഷ്യൽ സംഘവും ഇവർക്കൊപ്പമുണ്ട്.