ബാഡ്മിന്റനും കുട്ടി ഫോർമാറ്റിലേക്ക്!; 15 പോയിന്റുകളുടെ 3 ഗെയിം

Mail This Article
ന്യൂഡൽഹി ∙ മാരത്തൺ പോരാട്ടങ്ങളിലൂടെ ആരാധകരെ ‘മടുപ്പിക്കാതിരിക്കാൻ’ ബാഡ്മിന്റൻ മത്സരങ്ങൾ ചെറുതാകുന്നു. 15 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളുമായി പുതിയ സ്കോറിങ് സിസ്റ്റം മത്സരങ്ങളിൽ നടപ്പാക്കാൻ ലോക ബാഡ്മിന്റൻ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) നീക്കം തുടങ്ങി. നിലവിൽ 21 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളായാണ് മത്സരങ്ങൾ നടത്തുന്നത്.
ഈ വർഷം ഏപ്രിൽ മുതൽ തിരഞ്ഞെടുക്കപ്പെടുന്ന ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പുതിയ സ്കോറിങ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പ്രായോഗികമെങ്കിൽ അടുത്തവർഷത്തെ (ബിഡബ്ല്യുഎഫ്) ജനറൽ ബോഡിയോഗം ഈ സ്കോറിങ് സിസ്റ്റത്തിന് അന്തിമ അനുമതി നൽകും.
11 പോയിന്റുകളുടെ 5 ഗെയിം, 7 പോയിന്റുകളുടെ 5 ഗെയിം തുടങ്ങിയ സ്കോറിങ് സിസ്റ്റങ്ങൾ മുൻപ് പരീക്ഷിച്ചിരുന്നെങ്കിലും 2006 മുതൽ 3x21 റാലി ഫോർമാറ്റിലാണ് ലോക ബാഡ്മിന്റൻ മത്സരങ്ങൾ. ഒന്നര മണിക്കൂറിലധികം നീളുന്ന മത്സരങ്ങൾ ഗെയിമിന്റെ ആകർഷണം കുറയ്ക്കുന്നുവെന്നും കളിക്കാരെ തളർത്തുന്നുവെന്നുമുള്ള വിലയിരുത്തലിലാണ് പുതിയ ഫോർമാറ്റിലേക്ക് മത്സരം ചുരുക്കുന്നത്.