ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ ഒരു സ്വർണവും 7 വെങ്കലവും; പൊന്നായി മിന്നി മാർഗരറ്റ്

Mail This Article
ദേശീയ ഗെയിംസിൽ കേരളം ഇന്നലെ തുടങ്ങിയതു വെങ്കലത്തോടെയാണെങ്കിലും അവസാനിപ്പിച്ചതു സ്വർണ തിളക്കത്തിൽ. അത്‌ലറ്റിക്സിൽ 3 വെങ്കലവും തയ്ക്വാൻഡോയിൽ 4 വെങ്കലവുമായിരുന്നു കേരളത്തിന്റെ മെഡൽ പട്ടികയിൽ വൈകുന്നേരം വരെ. ബാക്കിയുള്ളത് ഒരു തയ്ക്വാൻഡോ ഫൈനൽ. ആ മത്സരത്തിൽ എതിരാളിയെ അടിച്ചു വീഴ്ത്തി കേരളത്തിനു സ്വർണ സന്തോഷം സമ്മാനിച്ചത് മാർഗരറ്റ് മരിയ റെജി.
67 കിലോയ്ക്കു താഴെയുള്ള ക്യുറുഗി വിഭാഗത്തിൽ മഹാരാഷ്ട്ര താരം സിദ്ധിയെ ഏകപക്ഷീയമായ പോരാട്ടത്തിൽ തോൽപിച്ചാണു മാർഗരറ്റ് സ്വർണം നേടിയത്. ആദ്യ സെറ്റ് 8–0 എന്ന സ്കോറിനു സ്വന്തമാക്കിയ മാർഗരറ്റ് രണ്ടാം സെറ്റ് 10–2 എന്ന പോയിന്റിൽ നേടി. തയ്ക്വാൻഡോയിൽ 2 പേർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സര ഇനമാണു ക്യുറുഗി. കോട്ടയം കടുത്തുരുത്തി കല്ലറ പഴുക്കാത്തറയിൽ റെജി കുര്യൻ– ജയ്മോൾ ദമ്പതികളുടെ മകളാണു മാർഗരറ്റ്.

തിരുവനന്തപുരം സായിയിൽ തയ്ക്വാൻഡോ പരിശീലക ദമ്പതികളായ ബാലഗോപാൽ– കാനോൻ ബാലാ ദേവി എന്നിവർക്കു കീഴിൽ പരിശീലനം നടത്തുന്ന മാർഗരറ്റ് കഴിഞ്ഞ 2 ദേശീയ ഗെയിംസുകളിലും സ്വർണം നേടിയിരുന്നു. ഒരു സ്വർണവും 5 വെങ്കലവുമാണ് ഇത്തവണ തയ്ക്വാൻഡോയിൽ നിന്നു കേരളത്തിനു ലഭിച്ചത്. ഇന്നലെ ലഭിച്ച 4 വെങ്കലത്തിൽ ഒരെണ്ണം കേരളത്തിലെത്തിച്ചത് മണിപ്പുരുകാരിയാണ്.

53 കിലോയ്ക്കു താഴെയുള്ള ക്യുറുഗി ഇനത്തിൽ മണിപ്പുരിൽ നിന്നുള്ള ശിവാംഗി ചനമ്പം. തിരുവനന്തപുരം സായിയിലാണ് പരിശീലനം. 80 കിലോയ്ക്കു താഴെയുള്ള വിഭാഗത്തിൽ ക്യുറുഗി ഇനത്തിൽ അടൂർ സ്വദേശി മനു ജോർജ് വെങ്കലം നേടി. 63 കിലോയ്ക്കു താഴെയുള്ള ക്യുറുഗി ഇനത്തിൽ കേരളത്തിനു വേണ്ടി തമിഴ്നാട് കോത്തഗിരി സ്വദേശി ബി. ശ്രീജിത്ത് വെങ്കലം നേടി.തയ്ക്വാൻഡോയിൽ അഭ്യാസ പ്രകടന ഇനമായ പൂംസെയിൽ ടീം ഇനത്തിൽ കേരളം വെങ്കലം നേടി. കർണിക, സെബ, ലയ ഫാത്തിമ എന്നിവരുൾപ്പെട്ട ടീമാണു വെങ്കലം നേടിയത്. സെബയും ലയയും സഹോദരിമാരാണ്. കഴിഞ്ഞ ദിവസം ലയ വ്യക്തിഗത പൂംസെ ഇനത്തിൽ വെങ്കലം നേടിയിരുന്നു.
∙ അത്‌ലറ്റിക്സിൽ വെങ്കല ദിനം
അത്‌ലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിനം കേരളത്തിനു കിട്ടിയതെല്ലാം വെങ്കലം. വനിതകളുടെ പോൾവോൾട്ടിൽ മരിയ ജയ്സൻ (3.90 മീറ്റർ), പുരുഷ വിഭാഗം ഡിസ്കസ്ത്രോയിൽ അലക്സ് തങ്കച്ചൻ (52.79 മീ.), ലോങ്ജംപിൽ സി.വി.അനുരാഗ് (7.56 മീ.) എന്നിവരാണു കേരളത്തിനു വെങ്കലം സമ്മാനിച്ചത്. കഴിഞ്ഞ ഗെയിംസിൽ 3.80 മീറ്റർ ചാടി കോട്ടയം പാലാ സ്വദേശിനി മരിയ ജയ്സൻ വെള്ളി നേടിയിരുന്നു. ഇത്തവണ അതിനേക്കാൾ ഉയരം കണ്ടെത്തിയെങ്കിലും വെങ്കലത്തിലൊതുങ്ങി.

തമിഴ്നാടിന്റെ പവിത്ര വെങ്കടേഷിനാണു സ്വർണം (3.95 മീ). മരിയയെക്കാൾ കുറഞ്ഞ ശ്രമത്തിൽ 3.90 മീറ്റർ ചാടിയ തമിഴ്നാടിന്റെ ഭരണിക ഇളങ്കോവനാണു വെള്ളി. ഡിസ്കസ് ത്രോയിൽ അഞ്ചാമത്തെ ത്രോയിലാണ് കണ്ണൂർ ആലക്കോട് സ്വദേശി അലക്സ് തങ്കച്ചൻ മികച്ച ദൂരം കണ്ടെത്തിയത്. സർവീസസിന്റെ ഗഗൻദീപ് സിങ്ങിനാണു സ്വർണം (55.01 മീ).ലോങ്ജംപിൽ അഞ്ചാമത്തെ ചാട്ടത്തിലാണു കോഴിക്കോട് കുറ്റ്യാടി സ്വദേശി അനുരാഗ് വെങ്കലദൂരം താണ്ടിയത്.