പത്തരമാറ്റ് സ്വർണം; ദേശീയ ഗെയിംസ് ഡെക്കാത്ലണിൽ മലയാളി താരം എൻ.തൗഫീഖിന് സ്വർണം

Mail This Article
ഡെക്കാത്‌ലണിലെ അവസാന ഇനമായ 1500 മീറ്റർ ഓട്ടം നടക്കാനിരിക്കെ ഒന്നാമതുള്ള കേരളത്തിന്റെ എൻ.തൗഫീഖും രണ്ടാമതുള്ള രാജസ്ഥാന്റെ യമൻ ദീപ് ശർമയും തമ്മിൽ 84 പോയിന്റിന്റെ മാത്രം വ്യത്യാസം. ഒന്നാമതെത്തിയില്ലെങ്കിലും യമൻ ദീപിനു മുന്നിലെത്തി തൗഫീഖ് മുൻതൂക്കം നിലനിർത്തി. ഫിനിഷ് ചെയ്തതിനു ശേഷം കാലിൽ പതിപ്പിച്ചിരുന്ന ട്രാക്ക് നമ്പറായ ‘ഒന്ന്’ പറിച്ചെടുത്ത് നെഞ്ചിൽ കുത്തി– ദേശീയ ഗെയിംസ് അത്‌ലറ്റിക്സിൽ കേരളത്തിന് ആദ്യ സ്വർണം. പത്ത് ഇനങ്ങളുൾപ്പെട്ട ഡെക്കാത്‌ലനിലെ പോയിന്റ് കണക്കിൽ തൗഫീഖ് ഒന്നാമനായത് 6915 പോയിന്റുമായി.
ഒരു സ്വർണം, 2 വെള്ളി, 3 വെങ്കലം എന്നിങ്ങനെയാണ് അത്‌ലറ്റിക്സിൽ നിന്ന് ഇന്നലെ കേരളം നേടിയത്. ഇതിനൊപ്പം ഫെൻസിങ്ങിൽ ഒരു വെങ്കലവും നേടി. വനിതകളുടെ ലോങ്ജംപിൽ കണ്ണൂർ സ്വദേശി സാന്ദ്ര ബാബുവും (6.12 മീറ്റർ), 4–100 മീറ്റർ റിലേയിൽ വനിതകളുമാണ് വെള്ളി മെഡൽ ജേതാക്കൾ. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് കുതിരവട്ടം സ്വദേശി മുഹമ്മദ് ലസാനും (14.23 സെക്കൻഡ്) 400 മീറ്ററിൽ വയനാട് മീനങ്ങാടി സ്വദേശി ടി.എസ്. മനുവും (47.08 സെക്കൻഡ്) 4–100 മീറ്റർ റിലേ പുരുഷ ടീമുമാണു വെങ്കലം സ്വന്തമാക്കിയത്.

ഫെൻസിങ്ങിൽ വനിതകളുടെ വ്യക്തിഗത സാബ്രെ ഇനത്തിൽ അൽക്ക വി. സണ്ണി വെങ്കലം നേടി. കഴിഞ്ഞ ദേശീയ ചാംപ്യൻഷിപ്പിലും അൽക്കയ്ക്കു വെങ്കലമുണ്ടായിരുന്നു.

വെള്ളിയായ വെങ്കലം
വനിതകളുടെ 4–100 മീറ്റർ റിലേയിൽ കേരളം ഫിനിഷ് ചെയ്ത് മൂന്നാമതായാണ് (47.04 സെക്കൻഡ്). എന്നാൽ ബാറ്റൺ കൈമാറിയതു നിശ്ചിത സോൺ കഴിഞ്ഞാണെന്നു കണ്ടെത്തിയതോടെ രണ്ടാമതെത്തിയ തമിഴ്നാട് ടീമിനെ അയോഗ്യരാക്കി. ഇതോടെ കേരളത്തിനു വെള്ളി ഭാഗ്യം. എസ്. മേഘ, എ.എൽ. മഹിതമോൾ, വി.എസ്. ഭവിക, ശ്രീന നാരായണൻ.എസ്. മേഘ, എ.എൽ. മഹിതമോൾ, വി.എസ്. ഭവിക, ശ്രീന നാരായണൻ എന്നിവരാണ് ടീമിൽ.

പുരുഷ വിഭാഗം 4–100 മീറ്റർ റിലേയിൽ വെങ്കലം നേടിയ എ.ഡി. മുകുന്ദൻ, അജിത് ജോൺ, ആൽബർട്ട് ജയിംസ്, എം. മനീഷ് എന്നിവരുൾപ്പെട്ട ടീം 40.73 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.

ഓൾറൗണ്ടർ തൗഫീഖ്
അഞ്ചിനങ്ങളുൾപ്പെട്ട പെന്റാത്‌ലൺ ആയിരുന്നു എൻ. തൗഫീഖിന്റെ ആദ്യ ഇഷ്ടം. പിന്നീട് ഇനങ്ങൾ കൂട്ടി ഡെക്കാത്‌ലനിലേക്കു ചുവടുമാറി. കഴിഞ്ഞ ദേശീയ ഗെയിംസിൽ വെങ്കലമായിരുന്നു. അന്നു മുന്നിലെത്തിയവരെ പിന്നിലാക്കിയാണ് ഇത്തവണ തൗഫീഖിന്റെ സ്വർണം. 2023ൽ അണ്ടർ 20 ചാംപ്യൻഷിപ്പിൽ ദേശീയ റെക്കോർഡ് (7065 പോയിന്റ്) നേടിയിരുന്നു. ആലപ്പുഴ നേതാജി കളരിക്കൽ വെളി എസ്. നൗഷാദിന്റെയും നുസൈബയുടെയും മകനാണ് തൗഫീഖ്. ഇപ്പോൾ മൂഢബിദ്രി ആൽവാസ് കോളജ് വിദ്യാർഥി. തിരുവനന്തപുരം സായി എൽഎൻസിപിഇയിൽ തമിഴ്നാട് സ്വദേശി ഭൂബാലനു കീഴിലാണു പരിശീലനം.