തിളക്കം മങ്ങി!; എൻ.വി.ഷീനയ്ക്കു വെള്ളി, സാന്ദ്ര ബാബുവിന് വെങ്കലം

Mail This Article
ദേശീയ ഗെയിംസിൽ കേരളത്തിനു ചാട്ടം പിഴച്ച ദിവസം. ട്രിപ്പിൾ ജംപിൽ കേരളത്തിനു പ്രതീക്ഷിച്ച സ്വർണമില്ല. കഴിഞ്ഞ മൂന്നു ഗെയിംസുകളിലെയും ട്രിപ്പിൾ ജംപ് സ്വർണ ജേതാവ് എൻ.വി. ഷീനയ്ക്കു ഇത്തവണ വെള്ളി മാത്രം (13.19 മീറ്റർ). കഴിഞ്ഞ ദിവസം ലോങ്ജംപിൽ വെള്ളി സ്വന്തമാക്കിയ സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ വെങ്കലം നേടി (13.12 മീറ്റർ) മെഡൽ നേട്ടം രണ്ടാക്കി. പഞ്ചാബിന്റെ നിഹാരിക വസിഷ്ടിനാണു സ്വർണം (13.37 മീ.).

4x400 മീറ്റർ റിലേയിൽ പുരുഷ, വനിത വിഭാഗങ്ങളിൽ കഴിഞ്ഞ തവണ വെങ്കലം നേടിയ കേരളം ഇത്തവണ ഏറെ പിന്നിലായി. വനിത 4x400 മീറ്റർ റിലേയിൽ കേരളം ഫിനിഷ് ചെയ്തത് അഞ്ചാമത് (3:48.57 മിനിറ്റ്). പഞ്ചാബിനാണു സ്വർണം (3:41.77 മിനിറ്റ്). പുരുഷൻമാരിൽ കേരളം ആറാമതായി (3:13.58 മിനിറ്റ്). തമിഴ്നാടിനാണു സ്വർണം (3:10.61 മിനിറ്റ്).
പുരുഷ വിഭാഗം 800 മീറ്ററിൽ മലയാളി സഹോദരങ്ങളായ ജെ. റിജോയും ജെ. ബിജോയും സർവീസസിന്റെ മലയാളി താരം മുഹമ്മദ് അഫ്സലും വനിതകളിൽ കേരളത്തിന്റെ പ്രസില്ല ഡാനിയേലും ഫൈനലിനു യോഗ്യത നേടി. ഫൈനലുകൾ ഇന്നു വൈകിട്ട് 4ന്. പുരുഷൻമാരുടെ ഫാസ്റ്റ് ഫൈവ് നെറ്റ്ബോളിൽ സെമി ഫൈനലിൽ കടന്നതോടെ കേരളം മെഡലുറപ്പിച്ചു. സെമി ഇന്നുനടക്കും.
ജിംനാസ്റ്റിക്സ്, തുഴച്ചിൽ മത്സരങ്ങൾ ഇന്ന്
ഡെറാഡൂൺ ∙ ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി കേരളം ഇന്ന് ജിംനാസ്റ്റിക്സ്, കനോയിങ്– കയാക്കിങ് വേദികളിലിറങ്ങും. അക്രോബാറ്റിക് ജിംനാസ്റ്റിക്സിലെ വനിത പെയർ, മിക്സ്ഡ് പെയർ, പുരുഷ ഗ്രൂപ്പ് വിഭാഗങ്ങളിലെ ഫൈനലിലാണു കേരളത്തിന്റെ പ്രതീക്ഷ.