ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; അത്‌ലറ്റിക്സിൽ മെഡലില്ലാ ദിനം, നിരാശ

Mail This Article
വെങ്കല നൃത്തച്ചുവടുമായി ജിംനാസ്റ്റിക്സിൽ മെഡൽനേട്ടം തുടങ്ങിയ കേരളത്തിനു ദേശീയ ഗെയിംസിൽ ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; പിന്നെ സ്വർണമില്ലാത്തതിന്റെ സങ്കടവും. ജിംനാസ്റ്റിക്സിൽ നിന്ന് 3 വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്. പുരുഷൻമാരുടെ ഫാസ്റ്റ്‌ഫൈവ് നെറ്റ്ബോളിലാണു മറ്റൊരു വെള്ളി. കേരളം ഫൈനലിൽ ഹരിയാനയോടു തോറ്റു (29–32).
പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ മുഹമ്മദ് മുഹ്സിന്റെ വെങ്കലവും ജൂഡോയിൽ വനിതകളുടെ 70 കിലോ വിഭാഗത്തിൽ ദേവികൃഷ്ണയുടെ വെങ്കലവുമാണു മറ്റു മെഡൽ നേട്ടങ്ങൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഡൽഹിയുടെ പ്രീണയെയാണു ദേവികൃഷ്ണ തോൽപിച്ചത്.

ജിംനാസ്റ്റിക്സിൽ വെള്ളിത്തിളക്കം
അക്രോബാറ്റിക് ജിംനാസ്റ്റിക്സിലെ വനിത പെയറിൽ വെങ്കലം നേടി കോഴിക്കോട് സ്വദേശികളായ ലക്ഷ്മി ബി. നായരും പൗർണമി ഹരീഷ് കുമാറുമാണു മെഡൽ നേട്ടത്തിനു തുടക്കമിട്ടത്. മിക്സ്ഡ് പെയർ വിഭാഗത്തിൽ കോഴിക്കോട് സ്വദേശികളായ എസ്. ഫസൽ ഇംതിയാസും പാർവതി ബി. നായരും നേടിയതു വെള്ളി മെഡൽ. നാലു പേരുടെയും ആദ്യ ദേശീയ ഗെയിംസും മെഡൽ നേട്ടവും.

ലക്ഷ്മിയും പാർവതിയും സഹോദരിമാർ.അക്രോബാറ്റിക് ജിംനാസ്റ്റിക്സിൽ പുരുഷൻമാരുടെ ഗ്രൂപ്പ് വിഭാഗത്തിൽ കേരളം വെള്ളി നേടി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അജ്മൽ, പി.കെ. മുഹമ്മദ് സഫ്‌വാൻ, എം.പി. സാത്വിക്, പി.എസ്. ഷിറിൽ റുമൻ എന്നിവരുടെ സംഘത്തിനാണ് നേട്ടം.
വലിച്ചു കെട്ടിയ വലയിൽ ചവിട്ടിയുയർന്ന് അഭ്യാസ പ്രകടനം നടത്തുന്ന ട്രാംപൊളിൻ ജിംനാസ്റ്റിക്സിൽ തിരുവനന്തപുരം കാര്യവട്ടം സ്വദേശി മനു മുരളി വെള്ളി നേടി. ദേശീയ ഗെയിംസിൽ മനുവിന്റെ തുടർച്ചയായ മൂന്നാം വെള്ളി. കരസേനയിൽ ഉദ്യോഗസ്ഥനായ മനു കഴിഞ്ഞ രണ്ടു തവണയും സർവീസസിനു വേണ്ടിയാണു മത്സരിച്ചിരുന്നത്.
അത്‌ലറ്റിക്സിൽ നിരാശ
പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ കുറ്റിപ്പുറം സ്വദേശി മുഹമ്മദ് മുഹ്‌സിന്റെ വെങ്കലം (15.57 മീ) മാത്രമാണു കേരളത്തിന് ആശ്വാസം. തമിഴ്നാടിന്റെ പ്രവീൺ ചിത്രവേലിനാണു സ്വർണം (16.50 മീ). പുരുഷൻമാരുടെ 800 മീറ്ററിൽ സർവീസസിന്റെ മലയാളി താരം പാലക്കാട് സ്വദേശി പി. മുഹമ്മദ് അഫ്സൽ സ്വർണം നേടി (1:49.13 മിനിറ്റ്). ഈയിനത്തിൽ നിലവിലുള്ള ഗെയിംസ് റെക്കോർഡ് അഫ്സലിന്റെ പേരിലാണ് (1:46.30 മിനിറ്റ്). സഹോദരങ്ങളായ കേരള താരങ്ങൾ ജെ.ബിജോയ് അഞ്ചാമതും ജെ.റിജോയ് ആറാമതും ഫിനിഷ് ചെയ്തു.
അടുത്ത ഗെയിംസ് മേഘാലയയിൽ
അടുത്ത ദേശീയ ഗെയിംസ് 2027 ഫെബ്രുവരി– മാർച്ച് മാസങ്ങളിലായി മേഘാലയയിൽ നടക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. കായികരംഗത്തിനു മേഘാലയ നൽകുന്ന പിന്തുണയും മറ്റും വിലയിരുത്തിയാണു തീരുമാനമെന്നും ദേശീയ ഗെയിംസ് നടത്താനുള്ള എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
നടത്തക്കാർ റെക്കോർഡ് തകർത്തു
വനിതകളുടെ 10 കിമീ റേസ് വോക്കിൽ നിലവിലുള്ള 26 വർഷം പഴക്കമുള്ള ഗെയിംസ് റെക്കോർഡ് എല്ലാ മത്സരാർഥികളും മറികടന്നു. ഹരിയാനയുടെ രവീണ സ്വർണം നേടി (45:52 മിനിറ്റ്). 1999ലെ ദേശീയ ഗെയിംസിൽ മണിപ്പുരിന്റെ വൈ. ബാലാദേവി സൃഷ്ടിച്ച റെക്കോർഡാണു (51.56 മിനിറ്റ്) തകർന്നത്.പുരുഷൻമാരുടെ 20 കിമീ റേസ് വോക്കിൽ ആറു മത്സരാർഥികൾ നിലവിലുള്ള ഗെയിംസ് റെക്കോർഡ് മറികടന്നു.
സർവീസസിന്റെ തമിഴ്നാട് താരം സെർവിൻ സെബാസ്റ്റ്യനാണു സ്വർണം (1:21.23 മണിക്കൂർ).വനിതകളുടെ 800 മീറ്ററിൽ ഡൽഹിയുടെ കെ.എം. ചന്ദ ഗെയിംസ് റെക്കോർഡ് നേടി (2:00.82 മിനിറ്റ്). 2022ൽ ചന്ദ തന്നെ സൃഷ്ടിച്ച റെക്കോർഡാണു തിരുത്തിയത് (2:01.58). മലയാളി ഒളിംപ്യൻ ഒ.പി. ജയ്ഷയാണു ചന്ദയുടെ കോച്ച്.