ത്രിപുരയിൽ സ്പോർട്സ് ഡവലപ്മെന്റ് ഓഫിസിൽ ഡപ്യൂട്ടി ഡയറക്ടർ, ഇപ്പോൾ കോച്ചിങ്ങിലേക്കും; ദീപ കർമാകർ സംസാരിക്കുന്നു

Mail This Article
ഡെറാഡൂൺ ∙ മലയാളി താരങ്ങളായ അമാനി ദിൽഷാദും മെഹ്റിൻ എസ്. സാജുമുൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ജിംനാസ്റ്റിക്സിൽ താരങ്ങളിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നു ഒളിംപ്യനും മുൻ ജിംനാസ്റ്റിക്സ് താരവുമായ ദീപ കർമാകർ. ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സ് താരങ്ങളുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണെന്നു ദീപ പറഞ്ഞു. 2016ലെ റിയോ ഒളിംപിക്സിൽ 0.15 പോയിന്റിനാണു ദീപയ്ക്കു വെങ്കല മെഡൽ നഷ്ടമായത്. ദീപ കർമാകർ സംസാരിക്കുന്നു.
∙ റിയോ ഒളിംപിക്സിൽ ദീപയുടെ മികച്ച പ്രകടനത്തിനു ശേഷം ഇന്ത്യയിൽ ജിംനാസ്റ്റിക്സിനു വലിയ മുന്നേറ്റമുണ്ടായി. എന്തു തോന്നുന്നു?
തീർച്ചയായും അതു സന്തോഷം നൽകുന്ന കാര്യമാണ്. ഒട്ടേറെ യുവാക്കൾ ഇപ്പോൾ താൽപര്യപൂർവം ജിംനാസ്റ്റിക്സ് രംഗത്തേക്കു വരുന്നുണ്ട്. അവർക്കു മികച്ച പരിശീലന സൗകര്യങ്ങളും മത്സര വേദികളും ഒരുക്കിയാൽ രാജ്യാന്തര നിലവാരത്തിലുള്ള താരങ്ങൾ ഇവിടെ നിന്നുണ്ടാകും.
∙ ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സ് മത്സരങ്ങളെ എങ്ങനെ കാണുന്നു?
മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നോക്കൂ. എല്ലാം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഉയർന്ന നിലവാരത്തിലുള്ളവ. ഇത്തരം സൗകര്യങ്ങളുണ്ടാകുമ്പോൾ തന്നെ അതിന്റെ ഗുണം ജിംനാസ്റ്റിക്സിലുണ്ടാകും. ജിംനാസ്റ്റിക്സ് താരങ്ങളുടെ നിലവാരവുമുയരും.
∙ പുതിയ താരങ്ങളെ സൃഷ്ടിക്കാനായി എന്തെങ്കിലും പദ്ധതികൾ ദീപയുടെ മനസ്സിലുണ്ടോ?
ത്രിപുരയിൽ സ്പോർട്സ് ഡവലപ്മെന്റ് ഓഫിസിൽ ഡപ്യൂട്ടി ഡയറക്ടറാണിപ്പോൾ. കോച്ചിങ്ങിലേക്കു വന്നിട്ട് 2–3 മാസമേ ആകുന്നുള്ളൂ. ചെറിയ പ്രായത്തിൽ തന്നെ പുതിയ ടാലന്റുകളെ കണ്ടെത്തുന്നതിനാണു മുൻഗണന.