ആശ്വാസ സ്വർണം

Mail This Article
ദേശീയ ഗെയിംസ് അത്‌ലറ്റിക്സിലെ അവസാന ഇനത്തിൽ കേരളത്തിനു ട്രാക്കിൽനിന്ന് ആശ്വാസ സ്വർണം. 4X400 മീറ്റർ മിക്സ്ഡ് റിലേയിൽ ടി.എസ്. മനു, കെ. സ്നേഹ, ജെ. ബിജോയ്, അൻസ ബാബു എന്നിവരുൾപ്പെട്ട സംഘമാണു സ്വർണം നേടിയത്. ജൂഡോയിൽ വനിതകളുടെ 78 കിലോ വിഭാഗത്തിൽ തൃശൂർ പാണഞ്ചേരി സ്വദേശിനി പി.ആർ. അശ്വതി വെള്ളി നേടി. ഫൈനലിൽ ചണ്ഡിഗഡിന്റെ ഇഷിത രൂപ് നാരംഗിനോടു സഡൻ ഡെത്തിലായിരുന്നു അശ്വതിയുടെ പരാജയം. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ വനിത വിഭാഗം അൺഈവൻ ബാർ ഇനത്തിൽ കണ്ണൂർ മാടായി സ്വദേശി അമാനി ദിൽഷാദ് വെങ്കലം നേടി (9.733 പോയിന്റ്). ഗെയിംസിൽ ഇതുവരെ 13 സ്വർണം ഉൾപ്പെടെ കേരളത്തിന്റെ ആകെ മെഡൽനേട്ടം 53 ആയി.
അത്‌ലറ്റിക്സിൽ കിതച്ച് കേരളം
4X400 മീറ്റർ മിക്സ്ഡ് റിലേയിൽ നാടകീയമായാണു കേരളം മുന്നിലെത്തിയത്. രണ്ടാം ലാപ്പിനിടയിൽ തമിഴ്നാടിന്റെ ദേശികയുടെ കയ്യിൽനിന്നു ബാറ്റൺ വഴുതി വീണു. ഈ സമയത്തു കേരളത്തിന്റെ സ്നേഹ ലീഡ് നേടി. പിന്നീടൊരിക്കലും കേരളം ലീഡ് നഷ്ടപ്പെടുത്തിയില്ല. അവസാന ലാപ്പിൽ മഹാരാഷ്ട്രയുടെ ഐശ്വര്യ മിശ്ര ശ്രമിച്ചുനോക്കിയെങ്കിലും കേരളത്തിന്റെ അൻസ ബാബു ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത് സ്വർണമുറപ്പാക്കി (3:25.35 മിനിറ്റ്). 3:25.66 മിനിറ്റിലായിരുന്നു മഹാരാഷ്ട്രയുടെ ഫിനിഷ്. കഴിഞ്ഞ ഗെയിംസിൽ മിക്സ്ഡ് റിലേയിൽ കേരളത്തിനു വെള്ളിയായിരുന്നു. കഴിഞ്ഞ തവണ അത്‌ലറ്റിക്സിൽ 3 സ്വർണം, 5 വെള്ളി, 6 വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ നേട്ടം. ഇത്തവണ ഇതു യഥാക്രമം 2,3,8.

അശ്വതിയുടെ നാലാം മെഡൽ
4 ദേശീയ ഗെയിംസുകളിലായി ജൂഡോയിൽ അശ്വതിയുടെ നാലാം മെഡലാണ് ഇത്തവണത്തെ വെള്ളി. 2015ൽ വെങ്കലം, 2022ൽ സ്വർണം, 2023ൽ വെള്ളി എന്നിങ്ങനെയാണ് ഇതിനു മുൻപുള്ള ഗെയിംസ് മെഡലുകൾ. ഭർത്താവ് അശ്വിനും ജൂഡോയിൽ മത്സരിച്ചെങ്കിലും വെങ്കലമെഡൽ പോരാട്ടത്തിൽ പരാജയപ്പെട്ടു. ഗെയിംസിലെ മത്സരങ്ങൾ ഇന്നു സമാപിക്കും. ജിംനാസ്റ്റിക്സ്, കനോയിങ്– കയാക്കിങ്, ഫെൻസിങ് എന്നിവയിൽ കേരളത്തിന് ഇന്നു മത്സരങ്ങളുണ്ട്. ഗെയിംസിന്റെ സമാപന സമ്മേളനം നാളെ ഹൽദ്വാനിയിലാണ്.അത്‌ലറ്റിക്സിലെ അവസാന ദിനം 3 ഗെയിംസ് റെക്കോർഡുകൾ കൂടി പിറന്നു. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ഉത്തർപ്രദേശിന്റെ സച്ചിൻ യാദവ് (84.39 മീറ്റർ), വനിതകളുടെ ഹൈജംപിൽ ഹരിയാനയുടെ പൂജ (1.84 മീറ്റർ), പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഹിമാചൽ പ്രദേശിന്റെ സവൻ ബർവാൾ (13:45.93 മിനിറ്റ്) എന്നിവര്‍ റെക്കോർഡിട്ടു.