ദേശീയ ഗെയിംസ്: കേരളം 14–ാം സ്ഥാനത്ത്

Mail This Article
തെഹ്‌രി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ കോട്ടി കോളനിയിലെ ഓളപ്പരപ്പിൽ തുഴഞ്ഞെടുത്ത കയാക്കിങ്ങിലെ ഏക വെങ്കല മെഡൽകൂടി നേടി കേരളം ദേശീയ ഗെയിംസ് വേദിയായ ഉത്തരാഖണ്ഡിൽനിന്നു മടങ്ങുന്നു. 13 സ്വർണം ഉൾപ്പെടെ 54 മെഡലുകളുമായി ഗെയിംസിൽ 14–ാം സ്ഥാനത്താണു കേരളം. 67 സ്വർണം ഉൾപ്പെടെ 120 മെഡലുകൾ നേടിയ സർവീസസാണു ജേതാക്കൾ.
ഒളിംപിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനം. ഇതുവരെയുള്ള ഗെയിംസുകളിൽ 10 സ്ഥാനങ്ങളിൽ കേരളം ഉൾപ്പെടാതെ പോകുന്നത് ഇതാദ്യം. കഴിഞ്ഞ ഗെയിംസിൽ 36 സ്വർണം ഉൾപ്പെടെ 87 മെഡലുകളുമായി 5–ാം സ്ഥാനത്തായിരുന്നു കേരളം.
കയാക്കിങ്ങിൽ 4 പേർ ചേർന്നു തുഴയുന്ന വനിതകളുടെ കെ4 500 മീറ്റർ ഇനത്തിലാണു കേരളം ഇന്നലെ വെങ്കലം നേടിയത് (1:49.197 മിനിറ്റ്). ട്രീസ ജേക്കബ്, അന്ന എലിസബത്ത്, ആൻഡ്രിയ പൗലോസ്, അലീന ബിജു എന്നിവർ ഉൾപ്പെട്ടതാണു ടീം. ഒഡീഷയ്ക്കാണു സ്വർണം (1:46.957 മിനിറ്റ്). ഒരാൾ തുഴയുന്ന വനിതകളുടെ കെ1 500 മീറ്റർ ഇനത്തിൽ സർവീസസിന്റെ മലയാളി താരം പാർവതി വെള്ളി നേടി.
ജിംനാസ്റ്റിക്സിൽ കേരളത്തിന്റെ അമാനി ദിൽഷാദിനു നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി. കഴിഞ്ഞ ദിവസം ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ വനിതകളുടെ അൺഈവൺ ബാർ ഇനത്തിൽ വെങ്കലം നേടിയ അമാനി ഫ്ലോർ എക്സസൈസ് ഇനത്തിൽ നാലാമതായി (10.733 പോയിന്റ്). ഡൽഹിയുടെ സ്നേഹ തരിയയ്ക്കാണു വെങ്കലം (10.800 പോയിന്റ്).
നേട്ടം ഫുട്ബോളിലും ജിംനാസ്റ്റിക്സിലും
കഴിഞ്ഞ തവണയുണ്ടായിരുന്ന കളരിപ്പയറ്റ് ഇത്തവണ ഗെയിംസിൽ മത്സര ഇനമല്ലാതായതാണു കേരളത്തിന്റെ മെഡൽ നേട്ടം കുറയാൻ പ്രധാന കാരണം. അത്‌ലറ്റിക്സിൽ ഉൾപ്പെടെ പല ഇനങ്ങളിലും കേരളം ഇത്തവണ പിന്നാക്കം പോയി.
മാനം കാത്തതു ഫുട്ബോളും ജിംനാസ്റ്റിക്സുമാണ്. പുതുനിര ടീമുമായെത്തി സ്വർണം നേടാൻ ഫുട്ബോൾ ടീമിനായി. ജിംനാസ്റ്റിക്സിൽ സ്വർണം കിട്ടിയില്ലെങ്കിലും മെഡലെണ്ണം കൂട്ടി. വുഷു, തയ്ക്വാൻഡോ, വെയ്റ്റ്‌ലിഫ്റ്റിങ് എന്നിവയിലെ സ്വർണവും നേട്ടമായി. ഭരണ തർക്കങ്ങൾക്കിടയിലും പുരുഷ വോളിബോളിലും കേരളം സ്വർണം നേടി.അതേസമയം നീന്തലിലും കനോയിങ്ങിലും കയാക്കിങ്ങിലും കേരളത്തിനു മെഡൽ നഷ്ടമാണ്. നീന്തലിൽ കഴിഞ്ഞ തവണ 13 മെഡലുണ്ടായത് ഇത്തവണ 9 ആയി കുറഞ്ഞു. കനോയിങ്ങിലും കയാക്കിങ്ങിലും 2 സ്വർണം ഉൾപ്പെടെ 6 മെഡലുകളുണ്ടായിരുന്നത് ഇത്തവണ ഒരു വെങ്കലത്തിൽ ഒതുങ്ങി.
കഴിഞ്ഞ വർഷത്തെ മെഡൽ ജേതാക്കൾ പലരും മറ്റിടങ്ങളിലേക്കു പോയതിനാൽ ജൂനിയർ ടീമുമായാണ് ഇത്തവണ കേരളം കനോയിങ്ങിനും കയാക്കിങ്ങിനും ഇറങ്ങിയത്. തുഴച്ചിലിൽ സ്വർണം ഒന്നു കുറഞ്ഞെങ്കിലും മെഡലെണ്ണം കൂട്ടാനായത് ആശ്വാസം.
സമാപനച്ചടങ്ങ് ഇന്നു വൈകിട്ട്
ഹൽദ്വാനി ∙ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങുകൾ ഇന്ന് വൈകിട്ട് ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നടക്കും. സമാപനച്ചടങ്ങുകൾ കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. അടുത്ത ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന മേഘാലയ ഗെയിംസിന്റെ പതാക ഏറ്റുവാങ്ങും.