ദേശീയ ഗെയിംസിന് സമാപനം, ഇനി മേഘാലയയിൽ; 2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ഒരുക്കമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

Mail This Article
ഹൽദ്വാനി (ഉത്തരാഖണ്ഡ്) ∙ അടുത്ത തവണ മേഘാലയയിൽ കാണാമെന്ന ഉറപ്പോടെ ഇന്ത്യൻ കായിക ലോകം ഉത്തരാഖണ്ഡിൽ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; 38–ാമതു ദേശീയ ഗെയിംസിനു സമാപനം. ഇന്ത്യൻ കായിക രംഗത്തിന്റെ ഭാവി ശോഭനമാണെന്നും 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ രാജ്യം ഒരുക്കമാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു.
ദേശീയ ഗെയിംസ് പതാക അമിത് ഷായും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും ചേർന്ന് അടുത്ത ഗെയിംസ് നടക്കുന്ന മേഘാലയയുടെ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്കു കൈമാറി. മേഘാലയയുടെ മാത്രമല്ല, മുഴുവൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടേതുമാകും അടുത്ത തവണത്തെ ഗെയിംസെന്ന് അമിത് ഷാ പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി, കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ, ഉത്തരാഖണ്ഡ് കായിക മന്ത്രി രേഖ ആര്യ, മുൻ ബോക്സിങ് താരം എം.സി. മേരി കോം തുടങ്ങിയവർ ഗെയിംസ് സമാപനച്ചടങ്ങിൽ പങ്കെടുത്തു. സർവീസസ് (68 സ്വർണം), മഹാരാഷ്ട്ര (54 സ്വർണം), ഹരിയാന (48 സ്വർണം) എന്നിവരാണ് ആദ്യ 3 സ്ഥാനക്കാർ.