സുനിൽകുമാറിന്റെ വിമർശനം അദ്ദേഹത്തിനെതിരായ റിപ്പോർട്ട് ഹൈക്കോടതി പരിഗണിക്കാനിരിക്കെ; കോടതി വിധിയെ ഭയന്ന് ഒരു മുഴം മുൻപേ?

Mail This Article
മലപ്പുറം ∙ ദേശീയ ഗെയിംസിലെ സംസ്ഥാനത്തിന്റെ പ്രകടനം സംബന്ധിച്ച് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വിമർശനം, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേ. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. കോടതിയിൽ സമർപ്പിച്ച ആ റിപ്പോർട്ട് എതിരായാലുണ്ടാകുന്ന തീരുമാനങ്ങൾ ഭയപ്പെട്ട് സുനിൽകുമാർ മുൻകൂട്ടിയെറിഞ്ഞതാകാം സർക്കാരിനും സ്പോർട്സ് കൗൺസിലിനുമെതിരായ വിമർശനങ്ങളെന്നാണ് കരുതുന്നതെന്ന് ഷറഫലി മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയും ചെയ്തു. വിമർശനങ്ങൾക്കു പിന്നിൽ മറ്റു കാരണങ്ങളൊന്നും കാണുന്നില്ലെന്നും ഷറഫലി വ്യക്തമാക്കി.
ഹോക്കി കേരള എന്ന പേരിലുള്ള ഹോക്കി സംഘടനയുടെ ഭാരവാഹി സ്ഥാനത്തുനിന്ന് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടർന്ന് പുറത്താക്കിയ ആളെ വീണ്ടും കായിക സംഘടനയുടെ തലപ്പത്ത് നിയമിച്ചതിനും സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്തതിനും എതിരായി മുൻ ഹോക്കി താരങ്ങളടക്കമാണ് വി.സുനിൽകുമാറിനെതിരെ സർക്കാറിനെ സമീപിച്ചത്. 2023ൽ നൽകിയ ആദ്യം നൽകിയ പരാതിയിൽ അന്നത്തെ സ്പോർട്സ് കൗൺസിൽ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയുണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ വർഷം ഇവർ വീണ്ടും സർക്കാറിനെ സമീപിക്കുകയായിരുന്നു.
ഇതോടെയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ സെക്രട്ടറി പി.വിഷ്ണുരാജ്, സ്പോർട്സ് കൗൺസിൽ ഭാരവാഹി എ.ശ്രീകുമാർ എന്നിവർ ഉൾപ്പെടുന്ന മൂന്നംഗ സമിതിയെ സർക്കാർ അന്വേഷണത്തിനായി നിയോഗിച്ചത്. ഇവരുടെ പഠന റിപ്പോർട്ട് ഒരു മാസം മുൻപേ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇതിനിടെ വി.സുനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചതോടെ തങ്ങളുടെ അംഗീകാരത്തോടെയേ റിപ്പോർട്ടിൽ നടപടിയെടുക്കാവൂ എന്ന് കോടതി നിർദേശിച്ചു. ഇതുപ്രകാരം സർക്കാർ ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതാണ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുന്നത്.
ഹോക്കി അസോസിയേഷന്റെ ഭാരവാഹി എന്ന നിലയിലാണ് നിലവിൽ ഒളിംപിക് അസോസിയേഷനിൽ അദ്ദേഹത്തിന്റെ ഭാരവാഹിത്വം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റും സെക്രട്ടറിയുമടങ്ങുന്ന അന്വേഷണ സമിതിയുടെ റിപ്പോർട്ട് എതിരായാൽ അത് ഒളിംപിക് അസോസിയേഷന്റെ ഭാരവാഹിത്വത്തേയും ബാധിക്കാനിടയുണ്ട്. അതു മുൻകൂട്ടി കണ്ടാകാം സർക്കാറിനും സ്പോർട്സ് കൗൺസിലിനുമെതിരായ സുനിൽകുമാറിന്റെ വിമർശനങ്ങളെന്നാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ വാക്കുകളിലെ സൂചന.