ദേശീയ ഗെയിംസ് വിവാദം: സ്പോർട്സ് കൗൺസിൽ ഭാരവാഹിയെ പുറത്താക്കി

Mail This Article
തിരുവനന്തപുരം∙ സർക്കാർ ഉത്തരവനുസരിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എസ്.എസ്.സുധീറിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റായ എ.എം.നിസാറിനാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സർക്കാരും കേരള ഒളിംപിക് അസോസിയേഷനും തമ്മിൽ ഉടലെടുത്ത തർക്കത്തിനൊടുവിലാണ് ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളും കേരള ഹാൻഡ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ സുധീറിനെ പുറത്താക്കിയത്. ഹാൻഡ്ബോൾ ടീം ഒത്തുകളിച്ചാണ് വെള്ളി മെഡൽ നേടിയതെന്ന കായിക മന്ത്രി വി.അബ്ദു റഹിമാന്റെ ആരോപണത്തിനതിരെ ടീമംഗങ്ങൾ തലസ്ഥാനത്തു പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചതു സുധീറാണെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ആരോപിച്ചിരുന്നു. തുടർന്നാണ് സുധീറിനെ നീക്കാനും ഇതുസംബന്ധിച്ച് സം സ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെട്ട സമിതി അന്വേഷിച്ച് 2 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും സർക്കാർ ഉത്തരവിട്ടത്.
എന്നാൽ, സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സുധീർ. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സ്ഥാനത്തു നിന്നു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്നാണ് നിലപാട്. സുധീറിന്റെ നീക്കങ്ങൾക്ക് ഒളിംപിക് അസോസിയേഷൻ പിന്തുണയുമുണ്ട്.