ആഡംബര കാർ വാങ്ങിനൽകി, സ്ത്രീധനത്തിനു വേണ്ടി ഭർത്താവിന്റെ ഉപദ്രവം: പരാതിയുമായി ലോക ബോക്സിങ് ചാംപ്യൻ

Mail This Article
ന്യൂഡൽഹി∙ ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയാണെന്ന പരാതിയുമായി ലോക ബോക്സിങ് ചാംപ്യനും അർജുന പുരസ്കാര ജേതാവുമായ സവീതി ബൂറ. കബഡി താരമായ ദീപക് ഹൂഡയ്ക്കും കുടുംബത്തിനുമെതിരെയാണ് ബോക്സിങ് താരത്തിന്റെ പരാതി. 2022 ലാണ് ഇരുവരും വിവാഹിതരായത്. ബോക്സിങ് താരത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
ദീപക് ഹൂഡയ്ക്ക് നോട്ടിസ് നൽകിയെങ്കിലും പൊലീസ് സ്റ്റേഷനിൽ ഇതുവരെ ഹാജരായിട്ടില്ലെന്ന് ഹിസാർ വനിതാ പൊലീസ് സ്റ്റേഷനിലെ ഓഫിസറായ സീമ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിക്കാൻ തയാറാണെന്നും ചികിത്സാ സംബന്ധമായ കാര്യങ്ങൾക്കു വേണ്ടിയാണ് ഇപ്പോൾ മറ്റൊരിടത്തു താമസിക്കുന്നതെന്നും ദീപക് ഹൂഡ വാർത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. ഭാര്യയെ കാണാൻ കുടുംബാംഗങ്ങൾ സമ്മതിക്കുന്നില്ലെന്നും, അവർക്കെതിരെ മോശമായൊന്നും പറയില്ലെന്നും ദീപക് ഹൂഡ വ്യക്തമാക്കി.
സ്ത്രീധനമായി ആഡംബര വാഹനം ദീപക്കിനു വാങ്ങി നൽകിയിരുന്നു. ഇതിനു പിന്നാലെ പണം ആവശ്യപ്പെട്ട് സവീതിയെ ദീപക്കും കുടുംബവും ഉപദ്രവിച്ചതായും എഫ്ഐആറിലുണ്ട്. 2024ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ റോതക് ജില്ലയിലെ മെഹം മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി ദീപക് ഹൂഡ ജനവിധി തേടിയിരുന്നു. പക്ഷേ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണവും, 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയ ഇന്ത്യൻ ടീമുകളിൽ ദീപക് കളിച്ചിട്ടുണ്ട്. ആഭ്യന്തര ടൂർണമെന്റായ പ്രോ കബഡി ലീഗിലും താരം മത്സരിച്ചിട്ടുണ്ട്.