ADVERTISEMENT

രണ്ടാം ലോക യുദ്ധകാലം. സഖ്യകക്ഷികളുടെ ലെനിൻഗ്രാഡ് (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗ്) ഉപരോധം. ദുരിതവും പട്ടിണിയുംമൂലം സോവിയറ്റ് നഗരത്തിൽ ആളുകൾ മരിച്ചുവീഴുന്ന സമയം. കുട്ടികളെ നഗരത്തിൽനിന്ന് ഒഴിപ്പിക്കാൻ തീരുമാനമായി. മറ്റുകുട്ടികൾക്കും മൂത്തസഹോദരനുമൊപ്പം തീവണ്ടിയിൽ യൂറാലിലേക്കുള്ള യാത്രയ്ക്കിടെ ഒട്ടേറേത്തവണ ബോംബാക്രമണമുണ്ടായി.

അതിനിടയിലായിരുന്നു അഞ്ചുവയസ്സുകാരനായ ബോറിസ് സ്പാസ്കി എന്ന കൊച്ചുപയ്യൻ ചെസിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തീയിൽ കുരുത്തതു വെയിലത്തു വാടില്ല എന്നു പറയും പോലെ ബോംബുകൾക്കിടയിൽ ചെസ് കളി പഠിച്ച സ്പാസ്കി വളർന്നു വലുതായി ലോക ചാംപ്യനായി. പത്താം ലോക ചെസ് ചാംപ്യൻ. 1966 ലോക ചാംപ്യൻഷിപ് ഫൈനലിൽ ടൈഗ്രൻ പെട്രോഷ്യനോടു തോറ്റ സ്പാസ്കി 1969ൽ പെട്രോഷ്യനെത്തന്നെ കീഴടക്കിയാണ് ലോകചാംപ്യനായത്.

കളിജീവിതത്തിന്റെ പലഘട്ടങ്ങളിലായി ആറു ലോകചാംപ്യൻമാരെ പരാജയപ്പെടുത്തിയിട്ടുള്ള സ്പാസ്കിയെ പക്ഷേ, ലോകമറിയുന്നത് ഒരു തോൽവിയുടെ പേരിലാണ്. 1972ൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ ബോബി ഫിഷർ എന്ന ഇതിഹാസത്തോടുള്ള തോൽവിയുടെ പേരിൽ. ഉപരോധസമയത്ത് പേമിലെ അനാഥാലയത്തിൽ കഴിഞ്ഞ സ്പാസ്കി ലെനിൻഗ്രാഡിൽ തിരിച്ചെത്തിയത് 1946ലാണ്.

‘‘കടുത്ത ദാരിദ്ര്യമായിരുന്നു അന്ന്. ചെസ് കളിയൊന്നുമില്ല. മറ്റുള്ളവർ കളിക്കുന്നത് കാണും. ഒരു ഗ്ലാസ് വെള്ളത്തിനും ലഘുഭക്ഷണത്തിനുമായി അമ്മ ചില്ലറപ്പണം തന്നുവിടും. ആ അവസ്ഥയിൽ എനിക്കു മനസ്സിലായി ചെസിലാണ് എന്റെ ഭാവി എന്ന്.’’

1947ൽ പത്താം വയസ്സിൽ ഒരു പ്രദർശനമത്സരത്തിൽ അന്നത്തെ സോവിയറ്റ് ചാംപ്യൻ മിഖായിൽ ബോട്ട്‌വിന്നിക്കിനെ തോൽപിച്ചാണ് സ്പാസ്കി പ്രശസ്തിയിലേക്കുയരുന്നത്. ആ ജൈത്രയാത്ര അവസാനിച്ചത് ലോകകിരീടത്തിൽ. എന്നാൽ, പിൽക്കാലം സ്പാസ്കിയെ വിലയിരുത്തിയത് ലോക ചെസ് ചരിത്രത്തിലെതന്നെ ഏറ്റവും വിഭ്രമാത്മകമായ ജീവിതം നയിച്ച ബോബി ഫിഷറുടെ എതിരാളി എന്ന നിലയ്ക്കായിരുന്നു.

നൂറ്റാണ്ടിന്റെ പോരാട്ടത്തിലും പിന്നീട് 20 വർഷത്തിനു ശേഷം നടന്ന നൂറ്റാണ്ടിന്റെ പ്രതികാര പോരാട്ടത്തിലും തന്റെ എതിരാളിയായിരുന്ന ബോബി ഫിഷർ എന്ന റോബർട്ട് ജെയിംസ് ഫിഷറിനോട് സ്പാസ്കിക്ക് എന്നും ബഹുമാനമായിരുന്നു.

‘‘ബോബിയുടെ വ്യക്തിത്വം എന്നെ എന്നും ആകർഷിച്ചിട്ടുണ്ട്. ചെസിലും ജീവിതത്തിലും. ഒരിക്കൽ ഒരു കാർ കമ്പനിക്കാർ പരസ്യത്തിനായി അദ്ദേഹത്തെ സമീപിച്ചു. കാർ വിശദമായി പരിശോധിച്ച ശേഷം ബോബി പറഞ്ഞു: ‘ഭാവി ആത്മഹത്യകൾക്കു പ്രേരണ നൽകാൻ’ താനില്ലെന്ന്. ഫിഷറുടെ കേളീശൈലിയെ പ്രശംസിക്കാനും സ്പാസ്കി മടിച്ചില്ല.

‘‘പ്രാരംഭഘട്ടത്തിനുശേഷം ഏറ്റവും കരണീയമായ മിഡിൽ ഗെയിം പ്ലാൻ തയാറാക്കാനാകും എന്നതായിരുന്നു ബോബിയുടെ കളിയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ കളികളിലും അതുണ്ട്. വ്യക്തമായ ഒരു പ്ലാൻ. ’’–സ്പാസ്കി ഒരിക്കൽ പറഞ്ഞു.

യുദ്ധഭൂമിയായ യുഗോസ്ലാവ്യയിൽ 1992ൽ നടത്തിയ മത്സരശേഷം ഫിഷർക്കെതിരെ അമേരിക്ക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ ‘ഫിഷറെ ജയിലിലടച്ചാൽ ഞാനുമുണ്ടാവും ജയിലിൽ ഒപ്പം’ എന്നായിരുന്നു സ്പാസ്കിയുടെ പ്രതികരണം. 1972ലെ വിഖ്യാതമായ പോരാട്ടത്തെക്കുറിച്ച് സ്പാസ്കിയുടെ ഓർമകളിങ്ങനെ:

‘‘ആ മാച്ചിൽ സ്പാസ്കിയുണ്ടായിരുന്നില്ല’. മാച്ചിനു മുൻപേ ഞാൻ തോറ്റിരുന്നു. നല്ല മാനസിക സമ്മർദമുണ്ടായിരുന്നു. സോവിയറ്റ് സമ്മർദം വേറെ.

ആദ്യ രണ്ടു ഗെയിമിനുശേഷം സ്പാസ്കി 2–0ന് മുന്നിലായിരുന്നു. സംഘാടകരുമായി കലഹിച്ച ബോബി രണ്ടാം ഗെയിമിനെത്തിയില്ല. ചർച്ചകൾ ചർച്ചകൾ ചർച്ചകൾ. നിലവിലെ ചാംപ്യനെന്ന നിലയിൽ മൂന്നാംഗെയിം കളിക്കാൻ ഞാൻ വഴങ്ങിയപ്പോൾ തന്നെ ഞാൻ മത്സരം അടിയറവു വച്ചിരുന്നു. ലോക ചാംപ്യൻഷിപ്പിന്റെ രണ്ടാംപാദം കളിക്കാൻ വേണ്ട ഊർജം അതോടെ ഇല്ലാതായി.’’

English Summary:

From Leningrad Siege to World Chess Champion: The unbelievable story of Boris Spassky

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com