ഗുകേഷ് നമ്പർ 3; ലോക ചെസ് ചാംപ്യനു കരിയറിലെ ഏറ്റവും മികച്ച റാങ്ക്

Mail This Article
ന്യൂഡൽഹി ∙ ലോക ചെസ് ചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷ് ക്ലാസിക്കൽ ചെസ് ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്. ലോക ചെസ് സംഘടനയായ ഫിഡെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലാണ് പതിനെട്ടുകാരൻ ഗുകേഷ് കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിങ് ലിറനെ തോൽപിച്ച് ലോക ചാംപ്യൻ പട്ടം സ്വന്തമാക്കിയതിനു ഗുകേഷിനു 10 പോയിന്റ് ലഭിച്ചിരുന്നു. ഇതോടെ ഗുകേഷിന്റെ ഫിഡെ റേറ്റിങ് 2787 ആയി.
നോർവേയുടെ മാഗ്നസ് കാൾസൻ (2833), യുഎസിന്റെ ഹികാരു നകാമുറ (2802) എന്നിവരാണ് ആദ്യ 2 റാങ്കുകളിൽ. ഏറെക്കാലം ലോക റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാരൻ എന്ന ബഹുമതിക്ക് അർഹനായിരുന്ന എരിഗെയ്സി 2777 റേറ്റിങ് പോയിന്റുകളോടെ 5–ാം സ്ഥാനത്തേക്കു താഴ്ന്നു.
ആർ. പ്രഗ്നാനന്ദ ഇടവേളയ്ക്കു ശേഷം ആദ്യ പത്തിൽ തിരിച്ചെത്തിയതാണ് മറ്റൊരു ഇന്ത്യൻ നേട്ടം. 2758 റേറ്റിങ് പോയിന്റുകളുമായി പ്രഗ്നാനന്ദ എട്ടാം സ്ഥാനത്തെത്തി. ഇതോടെ, ക്ലാസിക്കൽ ചെസ് പുരുഷ ലോകറാങ്കിങ്ങിലെ ടോപ് 10ൽ 3 ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായി.