പ്രീ സീസൺ ടെസ്റ്റിങ്ങിൽ തിളങ്ങി ഹാമിൽട്ടൻ, നിറം മങ്ങി വേർസ്റ്റപ്പൻ; ഫോർമുല വൺ ഗ്രാൻപ്രി കാറോട്ട സീസൺ 16 മുതൽ

Mail This Article
‘ ഈ മുതലിനെ വിട്ടുകളയരുതായിരുന്നു...!’ വില്യംസ് ടീം കാറിൽ കാർലോസ് സെയ്ൻസ് കുതിച്ചുപാഞ്ഞപ്പോൾ ഫെറാറി ആരാധകരിൽ ചിലരെങ്കിലും ഇങ്ങനെ ഓർത്തിട്ടുണ്ടാവും. ഫോർമുല വൺ ഗ്രാൻപ്രി കാറോട്ട മത്സരത്തിന്റെ പ്രീ സീസൺ ടെസ്റ്റിങ്ങിൽ ഏറ്റവും മികച്ച സമയം കുറിച്ചാണ് കാർലോസ് സെയ്ൻസ് പകരം വീട്ടിയത്. ഇത്തവണത്തെ ട്രാൻസ്ഫറിൽ ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ ഫെറാറിയിലേക്കു വന്നതോടെയാണ് അവർ കാർലോസ് സെയ്ൻസിനെ കൈവിട്ടത്.
ഫെറാറിയിൽനിന്ന് ഇറങ്ങിയ സെയ്ൻസ് എത്തിയത് വില്യംസ് ടീമിൽ. 10 ടീമുകൾ മാത്രമുള്ള ഫോർമുല വൺ കാറോട്ട മത്സരത്തിൽ കഴിഞ്ഞ സീസണിലെ 9–ാം സ്ഥാനക്കാരായിരുന്നു വില്യംസ്. സെയ്ൻസ് വന്നതോടെ വില്യംസ് ടീമിന്റെ രാശി തന്നെ മാറി. ഫോർമുല വൺ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി ബഹ്റൈനിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്ന ടെസ്റ്റ് റേസിൽ ഏറ്റവും മികച്ച സമയത്തോടെ സെയ്ൻസ് ഫിനിഷ് ചെയ്തതോടെ വരും സീസണിൽ അട്ടിമറികൾക്കു കാഹളം മുഴങ്ങിക്കഴിഞ്ഞു.
ലൂയിസ് ഹാമിൽട്ടൻ, ചാൾസ് ലെക്ലെയർ (ഇരുവരും ഫെറാറി), ജോർജ് റസൽ (മെഴ്സിഡീസ്), മാക്സ് വേർസ്റ്റപ്പൻ (റെഡ്ബുൾ) എന്നിവരാണ് യഥാക്രമം 2 മുതൽ 5 വരെ സ്ഥാനങ്ങളിലെത്തിയത്. 16ന് ഓസ്ട്രേലിയൻ ഗ്രാൻപ്രിയിലൂടെ പുതിയ സീസണു തുടക്കമാകും. ആകെ 24 ഗ്രാൻപ്രികളാണ് ഒരു സീസണിൽ. ഡിസംബർ 7ന് അബുദാബി ഗ്രാൻപ്രിയിലൂടെ സീസൺ അവസാനിക്കും.
∙ എന്താണ് ഫോർമുല വൺ ടെസ്റ്റിങ്?
സീസൺ തുടങ്ങുന്നതിനു മുൻപ് റേസിങ് ട്രാക്കിൽ കാർ പരീക്ഷിക്കാനുള്ള അവസരമാണ് ഫോർമുല വൺ പ്രീ സീസൺ ടെസ്റ്റിങ്.ബഹ്റൈനിൽ 3 ദിവസങ്ങളിലായാണ് ടെസ്റ്റിങ് നടന്നത്. ദിവസേന 8 മണിക്കൂർ വീതം ആകെ 24 മണിക്കൂർ ടെസ്റ്റിങ്.
പുതിയ കാറിൽ മികച്ച സമയം ലഭിക്കുന്നുണ്ടോ എന്നാണ് പരീക്ഷിക്കുന്നത്. വളവുകളിൽ കാറിന്റെ പ്രകടനം, ടയറുകളുടെ നിലവാരം, കാറിനു മുന്നിലെ വിങ്സ്, പിന്നിലെ സ്പോയ്‌ലർ എന്നിവയുടെ രൂപകൽപന തുടങ്ങിയവ പരിശോധിക്കും.
∙ ടെസ്റ്റിങ്ങിലെ വിശേഷങ്ങൾ
പിഴവുകൾ മറന്ന് ഹാമിൽട്ടൻ
ഫെറാറിയുടെ ചുവന്ന കാറിൽ ലൂയിസ് ഹാമിൽട്ടന്റെ പ്രകടനമായിരുന്നു ഇത്തവണത്തെ ടെസ്റ്റിങ്ങിന്റെ പ്രധാന കൗതുകം. കഴിഞ്ഞ 3 സീസണുകളിലായി മെഴ്സിഡീസ് കാറിൽ വരുത്തിയ പിഴവുകൾ ഫെറാറി കാറിൽ ഹാമിൽട്ടൻ ആവർത്തിച്ചില്ല.
സഹതാരവും ഫെറാറിയുടെ ഒന്നാം നമ്പർ ഡ്രൈവറുമായ ചാൾസ് ലെക്ലെയറിനെയും മറികടന്നതോടെ ടീമിനുള്ളിൽത്തന്നെ കടുത്ത മത്സരത്തിനു സാധ്യതയേറി. ‘വളരെ കാലത്തിനു ശേഷം തോന്നിയ ഏറ്റവും പോസിറ്റീവ് ഫീലിങ്സ്’– എന്നായിരുന്നു ഹാമിൽട്ടന്റെ പ്രതികരണം.
റെഡ്ബുൾ വീണ്ടും തെങ്ങിൽ തന്നെ
കഴിഞ്ഞ സീസണിൽ മാക്സ് വേർസ്റ്റപ്പൻ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയെങ്കിലും അവസാന മത്സരങ്ങളിൽ നിറം മങ്ങി. ഒന്നിനും കൊള്ളാത്ത കാർ എന്നു പോലും വേർസ്റ്റപ്പൻ വിമർശിച്ചിരുന്നു. വലിയ മാറ്റങ്ങൾ വരുത്തി പുതിയ കാർ ഇറക്കിയെങ്കിലും അതേ പ്രശ്നങ്ങൾ ആവർത്തിക്കപ്പെടുന്നു.
അണ്ടർ സ്റ്റീയറിങ് പ്രശ്നം ഉള്ളതിനാൽ വളവുകളിൽ വാഹനത്തിന്റെ വേഗം കുറയ്ക്കേണ്ടി വരുന്നുവെന്ന പ്രധാന പ്രശ്നത്തിന് ഇത്തവണയും പരിഹാരമില്ല.
ബെസ്റ്റ് മക്‌ലാരൻ
ടെസ്റ്റിങ് ഫലങ്ങൾ ഒപ്പത്തിനൊപ്പമാണെങ്കിലും കാറിന്റെ പെർഫോമൻസിൽ മക്‌ലാരൻ എതിരാളികളെക്കാൾ ഒരുപടി മുന്നിലാണ് ഈ സീസണിൽ. കഴിഞ്ഞ സീസണിലെ റണ്ണറപ് ലാൻഡോ നോറിസ് ഫെറാറിയുടെ ചാൾസ് ലെക്ലെയർ, മെഴ്സിഡീസിന്റെ ആന്ദ്രേ കിമി ആന്റോനെല്ലി എന്നിവർക്കൊപ്പമാണ് ടെസ്റ്റിങ്ങിന് ഇറങ്ങിയത്.
പേസിലും കൺട്രോളിലും മറ്റു രണ്ടു കാറുകളെക്കാൾ മികച്ച പ്രകടനം ലാൻഡോയുടെ മക്‌ലാരൻ കാഴ്ചവച്ചു. ടീം, ഡ്രൈവർ ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കാൻ ഇത്തവണ കൂടുതൽ സാധ്യത മക്‌ലാരനാണ്.
മെഴ്സിഡീസ് ഈസ് ബാക്ക്
ഹാമിൽട്ടൻ പോയതോടെ മെഴ്സിഡീസ് നിറം മങ്ങുമെന്ന് പറഞ്ഞവർക്ക് അവസാന ദിന ടെസ്റ്റിങ്ങിൽ മികച്ച സമയം കുറിച്ചാണ് ജോർജ് റസൽ മറുപടി നൽകിയത്. ട്രാക്കിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ടെസ്റ്റിങ് നടത്തിയത് മെഴ്സിഡീസ് ടീമാണ്.
കറുത്ത കുതിരകളാകാൻ വില്യംസ് ടീം
കഴിഞ്ഞ സീസണിലെ 9–ാം സ്ഥാനക്കാർ ഇത്തവണ കറുത്ത കുതിരകളായേക്കും. കാർലോസ് സെയ്ൻസിനെ കൂട്ടുപിടിച്ച് ടെസ്റ്റിങ്ങിൽ മികച്ച പ്രകടനമാണ് വില്യംസ് നടത്തിയത്. ഏറ്റവും മികച്ച സമയം കണ്ടെത്തിയതും സെയിൻസാണ്.