‘ഞാൻ അമ്മയാകാൻ പോകുന്നു’: ഭർത്താവ് സോംവീറിനൊപ്പം സന്തോഷ വാർത്ത പങ്കുവച്ച് ഒളിംപ്യൻ വിനേഷ് ഫോഗട്ട്

Mail This Article
ന്യൂഡൽഹി∙ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത മുപ്പതുകാരിയായ വിനേഷ് ഫോഗട്ട് പങ്കുവച്ചത്. ഗുസ്തി താരം തന്നെയായ സോംവീർ റാത്തിയാണ് വിനേഷ് ഫോഗട്ടിന്റെ ഭർത്താവ്. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണിത്.
‘‘ഞങ്ങളുടെ പ്രണയകഥ പുതിയൊരു അധ്യായവുമായി തുടരുന്നു’ എന്ന വാചകം സഹിതമാണ് സന്തോഷ വാർത്ത വിനേഷ് ഫോഗട്ട് പങ്കുവച്ചത്. ഇതിനൊപ്പം ഹൃദ്യത്തിന്റെ ചിഹ്‌നവും കുഞ്ഞിന്റെ കാൽപ്പാദവുമുണ്ട്.
2024ലെ പാരിസ് ഒളിംപിക്സിൽ മെഡൽ നേട്ടത്തിന്റെ വക്കിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ചെറിയ ഭാരവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഹരിയാനയിൽനിന്ന് മത്സരിച്ച് എംഎൽഎയായി.