ഇതാ, വീണ്ടുമൊരു ലോകചാംപ്യൻ!; ലോക ചെസിൽ ഇന്നലെ ഇന്ത്യയ്ക്കു 2 കിരീടങ്ങൾ

Mail This Article
പെട്രോവാക് (മോണ്ടിനെഗ്രോ)∙ ഗ്രാൻഡ് മാസ്റ്റർ പ്രണവ് വെങ്കടേഷ് ലോക ജൂനിയർ (അണ്ടർ 20) ചെസ് ചാംപ്യൻ. അവസാന റൗണ്ട് സമനിലയോടെ 11 റൗണ്ടിൽ 9 പോയിന്റുമായി (7 വിജയം, 4 സമനില) പതിനെട്ടുകാരൻ പ്രണവ് കിരീടമുറപ്പിക്കുകയായിരുന്നു. 17 വർഷത്തിനു ശേഷമാണ് ഓപ്പൺ വിഭാഗത്തിലെ ലോക ജൂനിയർ കിരീടം ഇന്ത്യയിലെത്തുന്നത്. വിശ്വനാഥൻ ആനന്ദും പി.ഹരികൃഷ്ണയും അഭിജിത് ഗുപ്തയുമാണ് മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാർ.
ഇന്ത്യക്കാരൻ ഡി. ഗുകേഷ് ലോക ചെസ് ചാംപ്യനായതിനു പിന്നാലെ ലോക ജൂനിയർ ചെസ് ചാംപ്യനും ഇന്ത്യയിൽനിന്ന് എന്ന പ്രത്യേകതയുമുണ്ട്. ബെംഗളൂരുവിൽ ജനിച്ച പ്രണവ് 2007 മുതൽ ചെന്നൈയിലാണ് വളർന്നത്. വിശ്വനാഥൻ ആനന്ദിന്റെ ചെസ് അക്കാദമിയിലാണ് പരിശീലനം. 2024ൽ നടന്ന ലോക യൂത്ത് അണ്ടർ 18 റാപിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടങ്ങൾ നേടിയാണ് പ്രണവ് ലോക ശ്രദ്ധയിലെത്തിയത്.ചെന്നൈയിൽ കഴിഞ്ഞ വർഷം നടന്ന ചാലഞ്ചേഴ്സ് ചാംപ്യൻഷിപ്പിൽ ജേതാവായ പ്രണവ് അക്കാലം മുതൽ മികച്ച ഫോമിലാണ്.
അരവിന്ദ് ചിദംബരം പ്രാഗ് മാസ്റ്റേഴ്സ് ചെസ് ചാംപ്യൻ പ്രാഗ് (ചെക്ക് റിപ്പബ്ലിക്) ∙
പ്രാഗ് മാസ്റ്റേഴ്സ് ചെസിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അരവിന്ദ് ചിദംബരം ജേതാവ്. ആർ. പ്രഗ്നാനന്ദ ഉൾപ്പെടെയുള്ള പ്രമുഖരെ മറികടന്നാണ് ഇരുപത്തഞ്ചുകാരൻ അരവിന്ദ് വിജയപീഠത്തിലെത്തിയത്. 9 റൗണ്ടുകളിൽനിന്ന് അരവിന്ദിന്റെ നേട്ടം 6 പോയിന്റ്. ഡച്ച് ഗ്രാൻഡ്മാസ്റ്റർ അനീഷ് ഗിരിയോട് അവസാന റൗണ്ട് മത്സരത്തിൽ പരാജയപ്പെട്ട പ്രഗ്നാനന്ദ (5 പോയിന്റ്) രണ്ടാംസ്ഥാനത്തായി. ലൈവ് ചെസ് റേറ്റിങ്ങിൽ വിശ്വനാഥൻ ആനന്ദിനും മുന്നിൽ 14–ാം സ്ഥാനത്താണ് അരവിന്ദ്. ആനന്ദ് 15–ാം സ്ഥാനത്താണ്.
