ADVERTISEMENT

കൊച്ചി ∙ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ ട്രാക്ക് ഇന്നുമുതൽ ഇന്ത്യൻ അത്‌ലറ്റിക്സിലെ പുതിയ കുതിപ്പുകൾക്കു വേദിയാകും. രാജ്യത്തെ മുൻനിര അത്‌ലീറ്റുകൾ പങ്കെടുക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ ദേശീയ അത്‌ലറ്റിക്സ് ഇന്നു മുതൽ 24 വരെ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടക്കും. ഏറെക്കാലത്തിനു ശേഷമാണു കൊച്ചി ദേശീയ തലത്തിലുള്ള അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു വേദിയാകുന്നത്.മേയ് 27 മുതൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതു ഫെഡറേഷൻ കപ്പിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. ഒളിംപ്യൻമാരും ദേശീയ റെക്കോർഡ് ജേതാക്കളുമുൾപ്പെടെ 580 അത്‌ലീറ്റുകളാണു 4 ദിവസത്തെ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

റിലയൻസ് സ്പോർട്സ് ഫൗണ്ടേഷൻ, ജെഎസ്ഡബ്ല്യു എന്നിവ നേതൃത്വം നൽകുന്ന അത്‌ലറ്റിക് അക്കാദമികളിൽ പരിശീലനം നേടുന്ന ഒട്ടേറെ അത്‌ലീറ്റുകൾ ഇത്തവണത്തെ ഫെഡറേഷൻ കപ്പിനുണ്ട്. വിദേശ കോച്ചുമാരുടെ കീഴിൽ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നേടിയ ഈ അത്‌ലീറ്റുകളുടെ പങ്കാളിത്തം ട്രാക്കിലെ പോരാട്ടവീര്യം കൂട്ടും.ഇന്ത്യൻ ടീമിന്റെ ജാവലിൻ ത്രോ കോച്ചും രണ്ടു തവണ ഒളിംപിക് വെങ്കലമെഡൽ ജേതാവുമായ മുൻ റഷ്യൻ അത്‌ലിറ്റ് മാകറോവ് സെർജി അലക്സാന്ദ്രവിച് ഉൾപ്പെടെയുള്ളവരും ചാംപ്യൻഷിപ്പിനെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ആറിന് പുരുഷ വിഭാഗം 10,000 മീറ്റർ ഓട്ടമാണ് ആദ്യ ഇനം. പുരുഷ, വനിത വിഭാഗം 100 മീറ്റർ ഉൾപ്പെടെ 8 ഇനങ്ങളിൽ ഇന്ന് ഫൈനൽ നടക്കും. ചാംപ്യൻഷിപ്പിൽ ആകെ 38 ഫൈനലുകളാണുള്ളത്.

മത്സരിക്കാൻ പ്രധാന താരങ്ങൾ

ടി.എസ്. മനു, മുഹമ്മദ് അനസ് (400 മീ), എം.പി. ജാബിർ, ആർ. അനു (400 മീ ഹർഡിൽസ്), അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾ ജംപ്), മുഹമ്മദ് അഫ്സൽ (800മീ), മുഹമ്മദ് അനീസ്, ആൻസി സോജൻ, സാന്ദ്ര ബാബു (ലോങ്ജംപ്), എൻ.വി. ഷീന (ട്രിപ്പിൾ ജംപ്), മരിയ ജെയ്സൻ (പോൾവോൾട്ട്), എൻ. തൗഫീഖ് (ഡെക്കാത്‌ലൺ), മുഹമ്മദ് ലസാൻ (110 മീ ഹർഡിൽസ്), മുഹമ്മദ് മുഹസിൻ (ലോങ് ജംപ്) തുടങ്ങിയ പ്രധാന മലയാളി അത്‌ലീറ്റുകൾ ചാംപ്യൻഷിപ്പിനുണ്ട്. ദേശീയ തലത്തിലെ ശ്രദ്ധേയ താരങ്ങളായ അമോജ് ജേക്കബ് (400മീ), കിഷോർകുമാർ ജെന, സച്ചിൻ യാദവ് (ജാവലിൻ ത്രോ), ജെ‌സ്വിൻ‌ ആൽഡ്രിൻ (ലോങ്ജംപ്), തജീന്ദർ പാൽ സിങ് തോർ (ഷോട്പുട്), പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജംപ്), അനിമേഷ് കുജൂർ, ഗുരീന്ദർവീർ സിങ്, നിത്യ ഗാന്ധെ (100മീ), ജ്യോതി യാരാജി, നിത്യ രാംരാജ് (100മീ ഹർഡിൽസ്), വിത്യ രാംരാജ് (400മീ ഹർഡിൽസ്), ശൈലി സിങ്, അഭിനയശ്രീ (ലോങ് ജംപ്), പവിത്ര വെങ്കിടേഷ്, ഭരണിക ഇളങ്കോവൻ (പോൾവോൾട്ട്) തുടങ്ങിയവരും ട്രാക്കിലിറങ്ങും. 

English Summary:

Kochi's Maharaja's Stadium: Stage Set for National Athletics Showdown

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com