ഏഷ്യൻ അത്ലറ്റിക്സ്; ഇന്ത്യൻ ടീമിൽ 59 പേർ, 8 മലയാളികൾ

Mail This Article
കൊച്ചി ∙ 8 മലയാളികൾ ഉൾപ്പെടെ ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള 59 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 31 പുരുഷൻമാരും 28 വനിതകളുമാണു ടീമിലുള്ളത്. ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര പങ്കെടുക്കുന്നില്ല. ദക്ഷിണ കൊറിയയിലെ കുമിയിൽ മേയ് 27 മുതൽ 31 വരെയാണ് ചാംപ്യൻഷിപ്. കൊച്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക്സിനുശേഷം അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സിലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
പുരുഷ ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ, വനിതാ ലോങ്ജംപിൽ ആൻസി സോജൻ, 400 മീറ്റർ ഹർഡിൽസിൽ ആർ.അനു, എന്നിവരാണ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്ന മലയാളികൾ. 4–400 പുരുഷ റിലേ ടീമിൽ ടി.എസ്. മനു, റിൻസ് ജോസഫ് എന്നിവരും വനിതാ റിലേ ടീമിൽ കെ. സ്നേഹ, ജിസ്ന മാത്യു, സാന്ദ്രമോൾ സാബു എന്നിവരും ഉൾപ്പെട്ടതോടെ മലയാളി പ്രാതിനിധ്യം എട്ടായി. 800 മീറ്ററിൽ ഏഷ്യൻ ചാംപ്യൻഷിപ് യോഗ്യതാ മാർക്ക് പിന്നിട്ടെങ്കിലും മുഹമ്മദ് അഫ്സലിന് ടീമിലിടം ലഭിച്ചില്ല. 2023ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ 6 സ്വർണമുൾപ്പെടെ 27 മെഡലുകളുമായി ഇന്ത്യ മൂന്നാമതായിരുന്നു.