കാത്തിരുന്ന ദൂരം കൈപ്പിടിയിലാക്കി നീരജ് ചോപ്ര, ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ പിന്നിട്ട് ചരിത്ര നേട്ടം

Mail This Article
ദോഹ ∙ ഒടുവിൽ നീരജിന്റെ ജാവലിൻ ആ മാന്ത്രികദൂരം തൊട്ടു. കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം പിന്നിട്ട നീരജിന് സീസണിലെ ആദ്യ മേജർ മത്സരത്തിൽ തന്നെ മിന്നും തുടക്കം. തന്റെ മൂന്നാം ത്രോയിൽ 90.23 മീറ്റർ കുറിച്ചാണ് നീരജ് 90 മീറ്റർ എന്ന കടമ്പ പിന്നിട്ടത്. മത്സരത്തിന്റെ അഞ്ചാം റൗണ്ട് വരെ നീരജായിരുന്നു മുന്നിൽ. എന്നാൽ ജർമൻ താരം ജൂലിയൻ വെബ്ബർ അവസാന റൗണ്ടിൽ നീരജിനെ മറികടന്നു (91.06 മീറ്റർ). ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് മൂന്നാം സ്ഥാനം (85.64 മീറ്റർ).
ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രകടനമായിരുന്നു ഇരുപത്തിയേഴുകാരൻ നീരജിന്റേത്. ആദ്യ ശ്രമത്തിൽത്തന്നെ 88.48 മീറ്റർ ദൂരം കുറിച്ച നീരജ് ഫോം പ്രകടമാക്കി. മറ്റാർക്കും ആദ്യ 2 ശ്രമങ്ങളിൽ 86 മീറ്റർ പിന്നിടാനായില്ല. രണ്ടാം ശ്രമം ഫൗളായെങ്കിലും മൂന്നാം ശ്രമത്തിൽ നീരജിന്റെ ജാവലിൻ 90 മീറ്റർ കടന്നു കുതിച്ചു.
89.06 മീറ്റർ പിന്നിട്ട് വെബ്ബറും കടുത്ത മത്സരത്തിന്റെ സൂചന നൽകി. നാലാം ശ്രമത്തിൽ നീരജ് 80.56ൽ ഒതുങ്ങിയപ്പോൾ വെബ്ബർ 88.05 മീറ്റർ എറിഞ്ഞു. നീരജിന്റെ അടുത്ത ശ്രമം ഫൗളായതിനു പിന്നാലെ വെബ്ബർ വീണ്ടും ദൂരം മെച്ചപ്പെടുത്തി– 89.94 മീറ്റർ. അടുത്ത ത്രോയിൽ നീരജിനെ മറികടക്കുകയും ചെയ്തു (91.06 മീറ്റർ). നീരജിന് അവസാന ത്രോയിൽ 88.20 മീറ്ററാണ് പിന്നിടാനായത്. മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം കിഷോർ ജന എട്ടാം സ്ഥാനത്തായി (78.60 മീറ്റർ).
∙ ജാവലിൻ ത്രോയിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിയ നീരജ് 90 മീറ്റർ ദൂരം പിന്നിടുന്ന മൂന്നാമത്തെ ഏഷ്യൻ താരമായി. പാക്കിസ്ഥാന്റെ അർഷാദ് നദീം (92.97 മീറ്റർ), ചൈനീസ് തായ്പേയിയുടെ ഷാവോ സുൻ ചെങ് (91.36) എന്നിവരാണ് ഈ നേട്ടം മുൻപു കൈവരിച്ചവർ. ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന 25–ാമത്തെ താരവുമാണ് നീരജ്. ഇപ്പോൾ നീരജിന്റെ പരിശീലകനായ ചെക്ക് റിപ്പബ്ലിക് താരം യാൻ ഷെലസ്നിയുടെ പേരിലാണ് ലോക റെക്കോർഡ് (98.48 മീറ്റർ).