സുഹൃത്തല്ലെന്ന നീരജിന്റെ പരാമർശത്തിൽ പ്രതികരിക്കുന്നില്ല, എന്റെ പിന്തുണ പാക്ക് സൈന്യത്തിന്: തുറന്നുപറഞ്ഞ് അർഷാദ് നദീം

Mail This Article
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ജാവലിൻ താരം അർഷാദ് നദീം തന്റെ ഉറ്റ സുഹൃത്തല്ലെന്ന ഇന്ത്യൻ താരം നീരജ് ചോപ്രയുടെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് പാക്ക് താരം. ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുമ്പോഴാണ്, പാക്ക് താരം തന്റെ അടുത്ത സുഹൃത്തല്ലെന്ന് നീരജ് ചോപ്ര പറഞ്ഞത്. ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോഴാണ്, പ്രതികരിക്കാനില്ലെന്ന് അർഷാദ് നദീം വ്യക്തമാക്കിയത്. പാക്കിസ്ഥാൻ സൈന്യത്തെ താൻ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും അർഷാദ് നദീം പറഞ്ഞു.
ദോഹ ഡയമണ്ട് ലീഗിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ്, അർഷാദ് നദീം ഒരുകാലത്തും തന്റെ അടുത്ത സുഹൃദ്‌വലയത്തിലുള്ള ആളല്ലെന്ന് നീരജ് വ്യക്തമാക്കിയത്. പഹൽഗാമിൽ പാക്കിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത് അർഷാദ് നദീമുമായുള്ള തന്റെ ബന്ധത്തെയും ബാധിച്ചേക്കാമെന്നും നീരജ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു.
‘‘അർഷാദ് നദീമുമായി പ്രത്യേകിച്ചൊരു സൗഹൃദമൊന്നും എനിക്കില്ലെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരിക്കലും ഉറ്റ സുഹൃത്തുക്കളായിരുന്നില്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഞങ്ങൾക്കിടയിലെ ബന്ധം പഴയതുപോലെയാകില്ലെന്ന് ഉറപ്പാണ്. എന്നോട് ആരെങ്കിലും നന്നായി ഇടപെട്ടാൽ തിരിച്ച് എന്റെ പെരുമാറ്റവും അതുപോലെയാകും എന്നു മാത്രം’ – നീരജ് ചോപ്ര പറഞ്ഞു.
ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനായി പുറപ്പെടുന്നതിനു മുന്നോടിയായാണ് നീരജ് ചോപ്രയുടെ പരാമർശത്തെക്കുറിച്ച് അർഷാദ് നദീമിനു മുന്നിൽ ചോദ്യമുയർന്നത്.
‘‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ച സാഹചര്യത്തിൽ നീരജ് ചോപ്രയുടെ പരാമർശത്തെക്കുറിച്ച് ഞാൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു ഗ്രാമപ്രദേശത്തുനിന്ന് വരുന്നയാളാണ്. ഞാനും എന്റെ കുടുംബവും പാക്കിസ്ഥാൻ സൈന്യത്തിനൊപ്പമാണ് എന്നു മാത്രമാണ് ഈ ഘട്ടത്തിൽ എനിക്കു പറയാനുള്ളത്’ – അർഷാദ് നദീം പറഞ്ഞു.